കൊച്ചി/ഇടുക്കി: ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കി. സിപിഎം എംഎൽഎ എ രാജയ്ക്ക് അർഹതയില്ലെന്ന് വ്യക്തമാക്കിയാണ് തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. പട്ടിക ജാതി സംവരണത്തിന് രാജയ്ക്ക് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ക്രിസ്തീയ വിശ്വാസിയായ രാജ തെറ്റായ രേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറാണ് ഹർജി നല്‍കിയത്. ഹിന്ദു പറയ സമുദായത്തില്‍ പെട്ടയാളല്ല രാജയെന്ന് വ്യക്തമായതായി ഹൈക്കോടതി നിരീക്ഷിച്ചു. അതിനാല്‍ പട്ടികജാതി സംവരണ സീറ്റില്‍ മത്സരിക്കാന്‍ യോഗ്യനല്ല. രാജയുടെ നാമനിർദേശപത്രിക തന്നെ റിട്ടേണിംഗ് ഓഫീസർ തള്ളേണ്ടതായിരുന്നു എന്ന നിർണായക പരാമർശവും കോടതി നടത്തി.
പട്ടികജാതി സംവരണമണ്ഡലമായ ദേവികുളത്തു നിന്നു തെരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരൻ അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണു ഡി കുമാർ ഹർജി നൽകിയത്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട ആളാണ് എ രാജയെന്നും പട്ടികജാതി സംവരണസീറ്റില്‍ മത്സരിക്കാന്‍ രാജക്ക് യോഗ്യതയില്ലെന്നുമായിരുന്നു ഡി കുമാറിന്റെ വാദം. ഡി കുമാര്‍ നല്കിയ ഹര്‍ജിയുടെ തുടര്‍ നടപടിയെന്നോണമാണ് ഇപ്പോള്‍ ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. രാജയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ഡി കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഇപ്പോള്‍ വന്നിട്ടുള്ള ഉത്തരവ്. ക്രിസ്തുമത വിശ്വാസികളായ അന്തോണി–എസ്തർ ദമ്പതികളുടെ മകനായി ജനിച്ച എ രാജ ക്രിസ്ത്യാനിയായി ജീവിക്കുന്നയാളാണ്. രാജയുടെ ഭാര്യയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിശ്വാസപ്രകാരമാണ് നടന്നതെന്നും ഡി കുമാർ ചൂണ്ടിക്കാട്ടി. ഇവരുടെ വിവാഹഫോട്ടോ പ്രാഥമിക തെളിവായി കോടതിയിൽ ഹാജരാക്കിയിരുന്നു.
സംവരണ മണ്ഡലമായ ദേവികുളത്തു നിന്ന് ഇത്തവണ 7848വോട്ടിനായിരുന്നു വിജയിച്ചത്. ഒരു ലക്ഷത്തി അറുപത്തൊമ്പതിനായിരത്തി മൂന്നൂറ്റി എണ്‍പത്തിയൊന്ന് വോട്ടാണ് ആകെ ദേവികുളം മണ്ഡലത്തില്‍ ഉള്ളത്. ഇതില്‍ ഒരു ലക്ഷത്തി പതിനയ്യായിരത്തി എഴുന്നൂറ്റിഎഴുപത്തിനാല് വോട്ടുകളാണ് ഇത്തവണ പോള്‍ ചെയ്തത്.