ഭട്ടാചാര്യ നടപ്പാക്കിയത് പാർട്ടി നയം, ബംഗാളിലെ മുതലാളിത്തനയങ്ങളിലേക്കുള്ള ചുവടുമാറ്റം സിപിഎമ്മിന്‍റെ അനുമതിയോടെ: ഏറ്റുപറഞ്ഞ് പ്രകാശ് കാരാട്ട്

Jaihind Webdesk
Friday, August 9, 2024

 

തിരുവനന്തപുരം: ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ നടപ്പിലാക്കിയത് പാർട്ടി നയമെന്ന് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ബംഗാളിലെ മുതലാളിത്ത അനുകൂല നയങ്ങളിലേക്കുള്ള ചുവടുമാറ്റത്തിന് പാർട്ടി അനുമതി നൽകിയിരുന്നു. ഇതാണ് ബുദ്ധദേവ് നടപ്പിലാക്കാൻ ശ്രമിച്ചത്, പക്ഷേ പിഴച്ചു. ബംഗാളിലെ നയംമാറ്റം പാർട്ടി നിലപാടായിരുന്നുവെന്ന് തുറന്നുപറയുകയാണ് പ്രകാശ് കാരാട്ട്. ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിച്ചുകൊണ്ടുള്ള ലേഖനത്തിലാണ് ഈ ഏറ്റുപറച്ചിൽ.

ബംഗാളില്‍ സിപിഎമ്മിന്‍റെ അടിവേര് തകർത്ത മുതലാളിത്തത്തെ പുണർന്നുകൊണ്ടുള്ള വ്യവസായവത്കരണത്തിന് വഴിയൊരുക്കിയത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയുടെ കാലയളവിലായിരുന്നു. ബംഗാളിലെ സിപിഎമ്മിന്‍റെ അവസാന മുഖ്യമന്ത്രിയായി ബുദ്ധദേവ് ഭട്ടാചാര്യ മാറി. ടാറ്റാ മോട്ടോഴ്സിനു വേണ്ടി നന്ദിഗ്രാമിലും രാസവളങ്ങള്‍ക്കായി സിംഗൂരിലും ഭൂമി ഏറ്റെടുത്തതിനെ തുടർന്നുണ്ടായ കർഷക പ്രക്ഷോഭമാണ് സിപിഎമ്മിന് ബംഗാളില്‍ ഭരണം നഷ്ടപ്പെടാന്‍ കാരണമായത്. 34 വർഷം നീണ്ടുനിന്ന ബംഗാളിലെ സിപിഎമ്മിന്‍റെ ഭരണത്തിനാണ് ഈ പ്രക്ഷോഭം അന്ത്യം കുറിച്ചത്.

വ്യവസായവത്കരണത്തിന് ശ്രമിച്ചത് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആണെന്നായിരുന്നു പാർട്ടി അന്ന് നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ പാർട്ടിയാണ് ഇതിന് മുന്‍കൈയെടുത്തതെന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയെ അനുസ്മരിക്കുന്ന ലേഖനത്തില്‍ പ്രകാശ് കാരാട്ട് പറയുന്നത്. പാർട്ടിയാണ് വ്യവസായവത്കരണത്തിന് തീരുമാനിച്ചത്. ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങള്‍ക്ക് ഉത്തരവാദി ബുദ്ധദേവ് മാത്രമല്ല, പാർട്ടി കൂടിയാണ്. പാർട്ടി തയാറാക്കിയ നയം നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. അപ്പോള്‍ ചില പിഴവുകളും പോരായ്മകളും ഉണ്ടായിട്ടുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

ബംഗാളിലെ പാർട്ടിയുടെ തകർച്ചയുടെ കാരണം ഒരാളുടെ മാത്രം ചുമലില്‍ വെച്ചുകെട്ടുന്നത് ശരിയല്ലെന്നാണ് പ്രകാശ് കാരാട്ട് ലേഖനത്തിലൂടെ പറയാതെ പറയുന്നത്. തകർച്ചയ്ക്ക് പാർട്ടിക്കും ഉത്തരവാദിത്വമുണ്ടെന്നും സൂചിപ്പിക്കുന്നു. ബംഗാളില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായി പാർട്ടി പോരാടി. പിന്നീട് ഉദാരവത്കരണം വന്നു. വ്യവസായത്തിന് സ്വകാര്യമേഖല വേണമെന്നായി. അതാണ് ബംഗാളില്‍ പാർട്ടിയിലും സർക്കാരിലും പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. സ്വകാര്യമേഖലയെ അനുവദിക്കാനുള്ള പാർട്ടിയുടെ നയമാണ് ബംഗാളിലെ സിപിഎമ്മിന്‍റെ തകർച്ചയ്ക്ക് കാരണമായതെന്നാണ് ലേഖനത്തിലൂടെ വ്യക്തമാകുന്നത്. ഇക്കാര്യം തുറന്നുപറയുകയാണ് പാർട്ടിയുടെ മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്. ഇക്കാര്യത്തില്‍ ബുദ്ധദേവിന് മാത്രമല്ല, സിപിഎമ്മിനും പങ്കുണ്ട്. മൂലധനം സ്വീകരിക്കുന്നതിനും മുതലാളിത്ത നയങ്ങള്‍ നടപ്പാക്കുന്നതിനും പാർട്ടിയാണ് തീരുമാനിച്ചത്. ഈ ചുവടുമാറ്റമാണ് സിപിഎമ്മിന് ബംഗാളിലുണ്ടായ വലിയ തിരിച്ചടിക്ക് കാരണമെന്ന് പറയുകയാണ് ലേഖനത്തിലൂടെ പ്രകാശ് കാരാട്ട്.