ഇന്ത്യയുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് ഉയര്‍ത്തി പാകിസ്ഥാന്‍ മന്ത്രി ഹനീഫ് അബ്ബാസിയുടെ യുദ്ധഭീഷണിയും ആണവ മുന്നറിയിപ്പും. സിന്ധു നദീജല കരാര്‍ റദ്ദാക്കി പാകിസ്ഥാനിലേക്കുള്ള ജലവിതരണം തടഞ്ഞാല്‍ ഇന്ത്യ പൂര്‍ണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറാകേണ്ടി വരുമെന്ന് അബ്ബാസി മുന്നറിയിപ്പ് നല്‍കി. ഘോറി, ഷഹീന്‍, ഗസ്നവി മിസൈലുകളും 130 ഓളം ആണവ പോര്‍മുനകളും ഉള്‍പ്പെടുന്ന പാക് ആയുധശേഖരം ‘ഇന്ത്യക്ക് വേണ്ടി മാത്രമാണ്’ സൂക്ഷിച്ചിരിക്കുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.
26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ പാകിസ്ഥാനെതിരെ സ്വീകരിച്ച നടപടികളോടുള്ള പ്രതികരണമായാണ് അബ്ബാസിയുടെ പ്രകോപനപരമായ പ്രസ്താവന. 1960ലെ സിന്ധു നദീജല കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും പാക് പൗരന്മാര്‍ക്കുള്ള എല്ലാ വിസകളും റദ്ദാക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.
‘ഇന്ത്യ ഞങ്ങളിലേക്കുള്ള ജലവിതരണം നിര്‍ത്തിയാല്‍, അവര്‍ ഒരു യുദ്ധത്തിന് തയ്യാറാകണം. ഞങ്ങളുടെ കൈവശമുള്ള സൈനികോപകരണങ്ങളും മിസൈലുകളും പ്രദര്‍ശനത്തിനല്ല. ആണവായുധങ്ങള്‍ രാജ്യത്ത് എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകളെല്ലാം ഇന്ത്യയെ ലക്ഷ്യം വെച്ചുള്ളതാണ്,’ അബ്ബാസി മുന്നറിയിപ്പ് നല്‍കി.
ജലവിതരണവും വ്യാപാര ബന്ധവും നിര്‍ത്തിവെച്ച ഇന്ത്യയുടെ തീരുമാനത്തെ പരിഹസിച്ച അബ്ബാസി, അതിന്റെ കടുത്ത പ്രത്യാഘാതങ്ങള്‍ ന്യൂഡല്‍ഹി തിരിച്ചറിഞ്ഞു തുടങ്ങിയെന്നും പറഞ്ഞു. പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി അടച്ചത് ഇന്ത്യന്‍ വ്യോമയാന മേഖലയിലുണ്ടാക്കിയ പ്രതിസന്ധി ചൂണ്ടിക്കാട്ടി, ‘രണ്ട് ദിവസം കൊണ്ട് ഇന്ത്യയിലുണ്ടായ പ്രശ്‌നങ്ങള്‍ കണ്ടില്ലേ? ഇത് 10 ദിവസം തുടര്‍ന്നാല്‍ ഇന്ത്യന്‍ എയര്‍ലൈനുകള്‍ പാപ്പരാകും,’ അദ്ദേഹം അവകാശപ്പെട്ടു.
പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം സ്വന്തം സുരക്ഷാ വീഴ്ചയുടെ തലയില്‍ വെക്കാതെ പാകിസ്ഥാനെ പഴിചാരുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും മന്ത്രി ആരോപിച്ചു. ഇന്ത്യ വ്യാപാരം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്നുള്ള പ്രത്യാഘാതങ്ങള്‍ നേരിടാന്‍ പാകിസ്ഥാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നും, ഏത് സാമ്പത്തിക നടപടിയെയും നേരിടാന്‍ ഇസ്ലാമാബാദ് സജ്ജമാണെന്നും അബ്ബാസി കൂട്ടിച്ചേര്‍ത്തു.
ഹനീഫ് അബ്ബാസിയുടെ ഈ പ്രസ്താവനകള്‍ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫും വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പാകിസ്ഥാന്‍ ഭീകരസംഘടനകളെ പിന്തുണയ്ക്കുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആസിഫ് ഒരു അഭിമുഖത്തില്‍ സമ്മതിച്ചെങ്കിലും, അതിന്റെ ഉത്തരവാദിത്തം അമേരിക്കയുടെയും ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെയും മേല്‍ ആരോപിക്കുകയായിരുന്നു. ‘കഴിഞ്ഞ മൂന്ന് ദശകങ്ങളായി അമേരിക്കയ്ക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കും വേണ്ടി ഈ വൃത്തികെട്ട ജോലി ഞങ്ങള്‍ ചെയ്യുകയായിരുന്നു,’ എന്നും ഇത് പാകിസ്ഥാന് വലിയ നഷ്ടങ്ങളുണ്ടാക്കിയ തെറ്റായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ, പഹല്‍ഗാം ഭീകരാക്രമണം പാകിസ്ഥാനെ ലക്ഷ്യമിട്ട് ഇന്ത്യ ‘ആസൂത്രണം ചെയ്ത നാടകമാണെന്നും’ ആസിഫ് ആരോപിച്ചിരുന്നു. ലഷ്‌കര്‍-ഇ-ത്വയ്ബ ഇപ്പോള്‍ നിലവിലില്ലെന്നും, പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ (TRF) എന്ന സംഘടനയെക്കുറിച്ച് കേട്ടിട്ടില്ലെന്നും ആസിഫ് അവകാശപ്പെട്ടു. പാക് മന്ത്രിമാരില്‍ നിന്നുള്ള തുടര്‍ച്ചയായ പ്രകോപനപരമായ പ്രസ്താവനകളും ഭീഷണികളും മേഖലയിലെ സംഘര്‍ഷാവസ്ഥ കൂടുതല്‍ വഷളാക്കിയിട്ടുണ്ട്.