‘ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാവില്ല; വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ എല്ലാവരെയും ശിക്ഷിക്കുമോ?’; പ്രതികരിച്ച് ഇന്ദ്രന്‍സ്

Jaihind Webdesk
Saturday, May 28, 2022

2021 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ വിവാദം ശക്തമാകുന്നു. അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ദ്രന്‍സിനെ തഴഞ്ഞു എന്ന ആക്ഷേപം സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. ഇപ്പോള്‍ ഇന്ദ്രന്‍സും ജൂറിക്കെതിരെ വിമർശനവുമായി രംഗത്തെത്തി.

ജൂറി ‘ഹോം’ കണ്ടിട്ടുണ്ടാകില്ലെന്നായിരുന്നു ഇന്ദ്രന്‍സിന്‍റെ പ്രതികരണം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ എന്നും ഇന്ദ്രന്‍സ് ചോദിച്ചു.

”വ്യക്തിപരമായി എനിക്ക് പുരസ്‌കാരം ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞതെന്തിന് എന്നറിയില്ല. ഹോം സിനിമ ജൂറി കണ്ടിട്ടുണ്ടാകില്ല. കണ്ടവരെല്ലാം മികച്ച അഭിപ്രായം പറഞ്ഞിരുന്നു. കലാകാരന്മാരെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നു എന്നുപറയുന്ന സർക്കാരാണുള്ളത്. സിനിമയെ ഒഴിവാക്കാന്‍ ആദ്യമേ കാരണം കണ്ടുവെച്ചിട്ടുണ്ടാകാം. വീട്ടിലെ ഒരാള്‍ തെറ്റ് ചെയ്താല്‍ മുഴുവന്‍ കുടുംബത്തെയും ശിക്ഷിക്കുമോ? കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോ? ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല സിനിമയാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെക്കാമായിരുന്നില്ലേ?” – ഇന്ദ്രന്‍സ് ചോദിക്കുന്നു.

അതേസമയം ഇന്ദ്രന്‍സിന്‍റെ ആരോപണം നിഷേധിച്ച് ജൂറി ചെയർമാന്‍ സയ്യിദ് മിർസ രംഗത്തെത്തി. ഇന്ദ്രന്‍സിന്‍റെ ആരോപണം തെറ്റാണെന്നും ഹോം സിനിമ കണ്ടതാണെന്നുമായിരുന്നു ജൂറി ചെയർമാന്‍റെ പ്രതികരണം.

അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ നിരവധി പ്രമുഖർ പുരസ്കാര നിർണയത്തിലെ അനീതി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ ടി സിദ്ദിഖ്, ഷാഫി പറമ്പില്‍ തുടങ്ങിയവരും ഇന്ദ്രന്‍സിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നടി രമ്യാ നമ്പീശനും ഇന്ദ്രന്‍സിന് പിന്തുണയുമായെത്തി.