‘ഞാന്‍ ആരുടെയും വാതിലില്‍ മുട്ടിയിട്ടില്ല, സർക്കാർ നടപടി എടുക്കുമായിരിക്കും’: പ്രതികരിച്ച് ഇന്ദ്രന്‍സ്

Jaihind Webdesk
Saturday, August 24, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള ചലച്ചിത്രമേഖലയെ പിടിച്ചു കുലുക്കുമ്പോൾ ആകുലതകൾ ഇല്ലാതെ
അക്ഷര വെളിച്ചം തേടി നടൻ ഇന്ദ്രൻസ് എത്തി. സംസ്ഥാന സാക്ഷരതാമിഷൻ നടത്തിയ ഏഴാം തരം തുല്യതാപരീക്ഷ എഴുതാനായാണ് ഇന്ദ്രന്‍സ് അട്ടക്കുളങ്ങര സ്കൂളിൽ എത്തിയത്. ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളിലേക്ക് കൂടുതല്‍ കടക്കാതെയായിരുന്നു ഇന്ദ്രൻസിന്‍റെ പ്രതികരണം.

“ഞാൻ ആരുടെയും വാതിലിൽ മുട്ടിയിട്ടില്ല. വിഷയത്തിൽ കൂടുതലൊന്നും അറിയില്ല. എന്തെങ്കിലുമൊക്കെ പറയേണ്ടേ. അതുകൊണ്ടാണ് പ്രതികരിച്ചത്. സംസാരിച്ചില്ലെങ്കിൽ മിണ്ടാതെ പോയി എന്നു പറയും. റിപ്പോർട്ടിൽ വേണ്ടത് സർക്കാർ ചെയ്യുമായിരിക്കും. സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾക്ക് ഏതു മേഖലയിലാണെങ്കിലും നടപടി ആവശ്യമാണ്. റിപ്പോർട്ടിലെ ആരോപണങ്ങൾ അന്വേഷിക്കണം” – ഇന്ദ്രൻസ് പറഞ്ഞു.

എല്ലാ കാലത്തും ഇങ്ങനെയൊക്കെ നടന്നുകൊണ്ടിരിക്കും. എരിവും പുളിയുമൊക്കെ വേണ്ടേ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യങ്ങളോട് നടന്‍റെ പ്രതികരണം. ഇതിൽ സിനിമക്കാർക്ക് ഒന്നും സംഭവിക്കില്ലെന്നും പരാതിയിൽ റിപ്പോർട്ടിൽ സർക്കാർ നടപടിയെടുക്കുമായിരിക്കുമെന്നും ഇന്ദ്രൻസ് പറഞ്ഞു. സംവിധായകൻ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ആരോപണത്തിൽ തനിക്കു മലയാളി നടികളെ പോലും അറിയില്ലെന്നും ഇന്ദ്രൻസ് പ്രതികരിച്ചു.

തനിക്ക് കുട്ടിക്കാലത്ത് പൂർത്തിയാക്കാൻ കഴിയാതിരുന്ന പഠനം തുടരാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ഇന്ദ്രൻസ് സാക്ഷരതാ മിഷന്‍റെ ഏഴാം തരം പരീക്ഷ എഴുതിയത്. പഠനം തുടരാനാണ് ഇന്ദ്രൻസിന്‍റെ തീരുമാനം.