മലയാള സിനിമയെ ലോകത്തിന് മുന്നില്‍ അഭിമാനത്തോടെ ഒരിക്കല്‍ കൂടി തലയുയര്‍ത്തി നിര്‍ത്തി ഇന്ദ്രന്‍സ്. സിംഗപ്പൂരില്‍ നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സിന്. ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിലെ പ്രകടനമാണ് ഇന്ദ്രന്‍സിന് അവാര്‍ഡ് നേടിക്കൊടുത്തത്.
നേരത്തെ ഷാങ്ഹായി ചലച്ചിത്ര മേളയിലും വെയില്‍ മരങ്ങള്‍ പുരസ്‌കാരം നേടിയിരുന്നു. കേരളത്തില്‍ നിന്നും ഹിമാചലിലേക്ക് പാലായനം ചെയ്ത ദളിത് കുടുംബത്തിന്റെ കഥയാണ് വെയില്‍ മരങ്ങള്‍ പറയുന്നത്. ഓട്ട്സ്റ്റാന്റിങ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റായിരുന്നു ചിത്രത്തിന് ഷാങ്ഹായ് ചലച്ചിത്രമേളയില്‍ ലഭിച്ചത്.
ഇന്ദ്രന്‍സിന് പുറമെ സരിത കുക്കു, കൃഷ്ണന്‍ ബാലകൃഷ്ണന്‍, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്‍ധന്‍, അശോക് കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് എംജെ രാധാകൃഷ്ണനും.