
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിവെള്ള പൈപ്പ്ലൈനില്‍ കലര്‍ന്നുണ്ടായ ദുരന്തത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആരോഗ്യവകുപ്പ് രംഗത്ത്. ഭഗിരഥ്പുര മേഖലയില്‍ വിതരണം ചെയ്ത കുടിവെള്ളത്തില്‍ നടത്തിയ പരിശോധനയില്‍ മരണകാരണമായേക്കാവുന്ന അതിമാരകമായ ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഇ-കോളി, സാല്‍മൊണല്ല, വിബ്രിയോ കോളറ എന്നീ ബാക്ടീരിയകളാണ് വെള്ളത്തില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ഇവയുടെ സാന്നിധ്യം ജീവന് തന്നെ ഭീഷണിയായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
പ്രദേശത്തെ പോലീസ് ഔട്ട്പോസ്റ്റിലെ സെപ്റ്റിക് ടാങ്കില്‍ നിന്നുള്ള മാലിന്യം കുടിവെള്ള പൈപ്പ്ലൈനിലേക്ക് ചോര്‍ന്ന് കലര്‍ന്നതാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിയൊരുക്കിയത്. പൈപ്പിലെ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടും അത് പരിഹരിക്കുന്നതില്‍ അധികൃതര്‍ വരുത്തിയ വീഴ്ചയാണ് സ്ഥിതി വഷളാക്കിയത്. നിലവില്‍ 210 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇതില്‍ 32 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അതേസമയം, സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ കുടിവെള്ള പരിശോധന നടത്തുന്നതിലും രോഗികള്‍ക്ക് കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിലും വലിയ കാലതാമസമുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്നും ദുരന്തബാധിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.