ഇന്തോനീഷ്യന്‍ സുനാമി : മരണസംഖ്യ 429 ആയി; കനത്ത മഴ സ്ഥിതി രൂക്ഷമാക്കുന്നു

Jaihind Webdesk
Wednesday, December 26, 2018

Indonesia-Tsunami-1

ഇന്തോനീഷ്യയിൽ അഗ്‌നിപർവ്വതം സജീവമായതിനെ തുടർന്നുണ്ടായ സുനാമി ദുരന്തത്തിൽ മരണസംഖ്യ 429 ആയി. കനത്ത മഴ മൂലം രക്ഷാപ്രവർത്തനങ്ങൾ മന്ദഗതിയിലായതാണ് മരണസംഖ്യ കൂടാൻ കാരണമെന്ന് റിപ്പോർട്ടുകള്‍ പറയുന്നു.

ശുദ്ധജലം കിട്ടാത്ത അവസ്ഥയാണ് മിക്കയിടത്തും. ഇത് പകർച്ചവ്യാധികൾക്ക് കാരണമായിട്ടുണ്ട്. കുട്ടികളാണ് ഇവയ്ക്ക് ഏറെയും ഇരയാകുന്നത്. സർക്കാരിന്‍റെ പക്കലുള്ള കണക്കുകൾ പ്രകാരം 154 പേരെ കാണാനില്ലെന്നും വിവരമുണ്ട്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.

കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരാൻ രക്ഷാദൗത്യം എൽപ്പിക്കപ്പെട്ടിട്ടുള്ള സേനകൾക്ക് നിയമപരമായ ബാധ്യതയുണ്ട്. ഇപ്പോഴത്തെ സാഹചര്യങ്ങൾ പ്രകാരം ഈ ബാധ്യത നിറവേറ്റൽ മാത്രമായിരിക്കും തെരച്ചിലിന്‍റെ ഉദ്ദേശ്യം.

1485 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 882 വീടുകൾ തകർന്നിട്ടുമുണ്ട്. 73 ഹോട്ടലുകൾ തകർന്നു. 450ലധികം ബോട്ടുകളും നാശമായി.

അനാക് ക്രാകതോവു അഗ്‌നിപർവ്വതം സജീവമായതിനു പിന്നാലെയാണ് ഇന്തോനീഷ്യയിൽ സുനാമിയുണ്ടായത്. ഏതാണ്ട് 138 ഏക്കറോളം ഭാഗം ഇങ്ങനെ കടലിലേക്ക് തള്ളിയിറങ്ങി. ഇത് കടലിനടിയിലും വൻതോതിലുള്ള മണ്ണിടിച്ചിലിന് കാരണമായി. ഇതാണ് സുനാമിയിലേക്ക് നയിച്ചത്.