ഇന്തൊനേഷ്യന്‍ വിമാനം കടലില്‍ തകര്‍ന്നുവീണു

Jaihind Webdesk
Monday, October 29, 2018

കടലിൽ തകർന്ന് വീണ ഇന്തോനേഷ്യൻ യാത്രാവിമാനത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. 188 പേരുമായി പോയ ലയൺ എയർ കമ്പനിയുടെ വിമാനമാണ് തകർന്നുവീണത്. യാത്രക്കാരെപ്പറ്റിയുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.

ജക്കാർത്തയിൽ നിന്ന് ബങ്കാ ബെലിറ്റിംഗ് ദ്വീപിലെ പാംഗ്കല്‍ പിനാംഗിലേക്ക് പോയ ലയൺ എയറിന്‍റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. ലയണ്‍ എയര്‍ കമ്പനിയുടെ JT 610 വിമാനവുമായുള്ള ബന്ധം പറന്നുയർന്ന് 13 മിനിട്ടുകൾക്ക് ശേഷം നഷ്ടമാവുകയായിരുന്നു.

ജാവായ്ക്ക് സമീപം കടലിൽ നടത്തിയ തെരച്ചിലിലാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്തോനേഷ്യൻ ദുരന്ത നിവാരണ വിഭാഗത്തിന്‍റെ മേധാവി സ്റ്റുപോ പർവോയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണം നൽകിയത്. കടലിൽ തകർന്നു വീണ വിമാനത്തിന്‍റെ അവശിഷ്ടങ്ങൾ തെരച്ചിലിന് പോയ ബോട്ടുകൾ കണ്ടെത്തുന്ന വീഡിയോയാണ് അദ്ദേഹം ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

രണ്ട് ശിശുക്കളും ഒരുകുട്ടിയുമടക്കം 181 യാത്രക്കാരും രണ്ട് പൈലറ്റുമാരടക്കം ഏഴ് ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരെപ്പറ്റി ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്ക് ശേഷമാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം 6.20 ന് പറന്നുയർന്ന വിമാനവുമായി 6.33 നാണ് അവസാനം ആശയവിനിമയം നടന്നത്. ബോയിംഗ് 737 മാക്സ് 8 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

210 ആളുകൾക്ക് യാത്രചെയ്യാവുന്ന വിമാനമാണ് JT 610. ഈ വിമാനത്തെക്കുറിച്ച് വ്യാപകമായ പരാതികളാണ് നിലവിലുള്ളത്. 2013ല്‍ ലയണ്‍ കമ്പനിയുടെ വിമാനം ലാന്‍ഡിംഗ് തകരാറിനെ തുടര്‍ന്ന് കടലില്‍ വീണിരുന്നു. ബാലി ദ്വീപിലെ ഗുറാ റായ് എയര്‍പോര്‍ട്ടിലിറങ്ങേണ്ടിയിരുന്ന വിമാനമാണ് കടലില്‍ വീണത്. അന്ന് വിമാനത്തിലുണ്ടായിരുന്നു 108 യാത്രക്കാരെയും രക്ഷപ്പെടുത്താന്‍ സാധിച്ചു.

2004ല്‍ ജക്കാര്‍ത്തയില്‍ നിന്ന് സോളോ സിറ്റിയിലേക്ക് പോയ വിമാനം ക്രാഷ് ലാന്‍ഡിംഗിനെ തുടര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.