കൊവിഡ് വാക്സിന്‍ : അഞ്ച് മിനിറ്റില്‍ ഒരാള്‍ക്ക് 2 ഡോസും കുത്തിവച്ചു ; ഓരോ ഡോസും ഓരോ വാക്സിന്‍

Jaihind Webdesk
Saturday, June 19, 2021

പട്‌ന : ബിഹാറില്‍ വാക്‌സിനേഷന്‍ ക്യാമ്പിലെത്തിയ സ്ത്രീക്ക് അഞ്ചുമിനിട്ടിനുള്ളില്‍ കൊവാക്‌സിന്‍റെയും കൊവിഷീല്‍ഡിന്‍റെയും കുത്തിവെപ്പെടുത്തു. റൂറല്‍ പട്‌നയിലെ പുന്‍പുന്‍ ബ്ലോക്കില്‍ ജൂണ്‍ പതിനാറിനാണ് സംഭവം. സുനിലാ ദേവി എന്ന സ്ത്രീയ്ക്കാണ് രണ്ട് വാക്‌സിനുകളുടെയും കുത്തിവെപ്പെടുത്തത്. ഇവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ അറിയിച്ചു.

ബെല്‍ദാരീചകിലെ ഒരു സ്‌കൂളില്‍ നടന്ന വാക്‌സിനേഷന്‍ ക്യാമ്പിലാണ് താന്‍ പോയതെന്ന് സുനിലാ ദേവി  പറഞ്ഞു. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനു ശേഷം വരിനില്‍ക്കുകയും അവിടെവെച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍റെ കുത്തിവെപ്പ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് നിരീക്ഷണത്തിന്‍റെ ഭാഗമായി അഞ്ചുമിനിട്ട് വിശ്രമിക്കാന്‍ ആരോഗ്യ അധികൃതര്‍ സുനിലയോട് നിര്‍ദേശിക്കുകയും ചെയ്തു. ഒബ്‌സെര്‍വേഷന്‍ മുറിയില്‍ ഇരിക്കുമ്പോള്‍, മറ്റൊരു നഴ്‌സ് വരികയും കൊവാക്സിൻ കുത്തിവെപ്പ് എടുക്കുകയുമായിരുന്നെന്ന് സുനില പറയുന്നു.

ഞാന്‍ ഒബ്‌സെര്‍വേഷന്‍ മുറിയില്‍ ഇരിക്കുകയിരുന്നു. അപ്പോള്‍ മറ്റൊരു നഴ്‌സ് വരികയും കുത്തിവെപ്പ് എടുക്കാന്‍ പോവുകയാണെന്നും പറഞ്ഞു. തനിക്ക് കുത്തിവെപ്പ് ലഭിച്ചതാണെന്ന് അവരോടു പറഞ്ഞു. എന്നാല്‍ അതേകയ്യില്‍ ഒരു കുത്തിവെപ്പ് കൂടി തരുമെന്ന് നഴ്‌സ് പറഞ്ഞു- സുനില കൂട്ടിച്ചേര്‍ക്കുന്നു. അനാസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുനില ആവശ്യപ്പെട്ടു.