ലൈഫില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നവർ ഓർക്കുന്നുണ്ടോ ഇന്ദിര ആവാസ് യോജന ; ആഘോഷങ്ങളില്ലാതെ യുഡിഎഫ് സര്‍ക്കാർ നല്‍കിയത് 3 ലക്ഷത്തോളം വീടുകള്‍

Jaihind News Bureau
Thursday, January 28, 2021

തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്‍റെ  കാലത്ത് ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം  നല്‍കിയത് 2, 75, 038 വീടുകള്‍ എന്ന് രേഖകള്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ നല്‍കിയ മറുപടിയില്‍ മന്ത്രി കെ ടി ജലീല്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഉദ്ഘാടന മാമാങ്കങ്ങളും ധൂര്‍ത്തും കൊട്ടിഘോഷവുമില്ലാതെ കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് രണ്ട് ലക്ഷത്തി എഴുപത്തി അയ്യായിരം വീടുകളാണ് ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ഭവന രഹിതര്‍ക്ക് വച്ചു നല്‍കിയത്. പതിനാലാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തില്‍ മന്ത്രി കെ ടി ജലീല്‍ തന്നെയാണ് കണക്കുകള്‍ നിയമസഭയില്‍ നല്‍കിയത്. ഇന്ദിര ആവാസ് യോജന എന്ന ഒറ്റ പദ്ധതിയിലാണ്  രണ്ട് ലക്ഷത്തില്‍ പരം വീടുകള്‍ നല്‍കിയത്. മറ്റ് പദ്ധതികള്‍ എല്ലാം ചേര്‍ത്ത് നാല് ലക്ഷത്തില്‍പരം വീടുകളാണ് യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് ഭവന രഹിതര്‍ക്കായി നല്‍കിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും ലൈഫ് മിഷന്‍ പദ്ധതിയുടെ പേരിലും കുടുംബസംഗമത്തിനും ഉദ്ഘാടന മേളകള്‍ക്കും കോടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത്. ലൈഫ് പദ്ധതിയില്‍ വീട് നിമ്മിക്കാന്‍ ഒരാള്‍ക്ക് നാല് ലക്ഷം വീതം നല്‍കുന്ന സര്‍ക്കാര്‍ തന്നെ രണ്ട് കോടിയിലേറേ ചെലവിട്ടാണ് കുടുംബമേളകള്‍ സംഘടിപ്പിച്ചത്. കുറഞ്ഞത് 40 വീടുകള്‍ നിർമമിക്കാന്‍ സർക്കാർ നല്‍കുന്ന പണമാണ് ഇങ്ങനെ ധൂര്‍ത്തടിച്ചത്.

ലൈഫ് ഭവന പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിനും തിരുവനന്തപുരം ജില്ലാ കുടുംബ സംഗമത്തിനും കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം സര്‍ക്കാര്‍ ചെലവാക്കിയത് 33.21 ലക്ഷം രൂപയാണ്. രാഷ്ട്രീയ നേട്ടത്തിനായി പൊതു ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ സര്‍ക്കാര്‍ നിരത്തുന്ന വാദങ്ങള്‍ക്ക് ഈ കണക്കുകള്‍ തന്നെയാണ് തെളിവ്.