
ന്യൂഡല്‍ഹി: പൈലറ്റുമാരുടെ ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവ് വരുത്തി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ). പ്രതിവാര വിശ്രമത്തിന് പകരം അവധി അനുവദിക്കരുതെന്ന നിര്‍ദേശമാണ് വിമാന കമ്പനികളുടെ പരാതിയെ തുടര്‍ന്ന് ഡിജിസിഎ പിന്‍വലിച്ചത്.
കോടതി നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ ഫ്‌ളൈറ്റ് ഡ്യൂട്ടി സമയ പരിധി (എഫ്ഡിടിഎല്‍) മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിലെ ബുദ്ധിമുട്ടുകളാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സിന് വലിയ തിരിച്ചടിയായത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇന്‍ഡിഗോയുടെ 600-ല്‍ അധികം വിമാന സര്‍വീസുകളാണ് മുടങ്ങിയത്.
പുതുക്കിയ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ പൈലറ്റുമാര്‍ ആവശ്യമുണ്ടെന്ന് ഇന്‍ഡിഗോ ഡിജിസിഎയെ അറിയിച്ചിരുന്നു. ഇത് രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളില്‍ എക്കാലത്തെയും വലിയ പ്രതിസന്ധിക്ക് കാരണമായി. തുടര്‍ച്ചയായ മൂന്നാം ദിവസവും വിമാനങ്ങള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടായി. പല വിമാനത്താവളങ്ങളിലും ശക്തമായ പ്രതിഷേധങ്ങള്‍ അരങ്ങേറി. ഭക്ഷണവും വെള്ളവും പോലും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു.
ക്യാബിന്‍ ക്രൂ പ്രശ്നങ്ങള്‍, സാങ്കേതിക തടസങ്ങള്‍ എന്നിവയ്ക്കൊപ്പം പുതിയ ഡ്യൂട്ടി സമയ പരിഷ്‌കരണവും വിമാനങ്ങള്‍ റദ്ദാക്കുന്നതിന് കാരണമായി. ഡല്‍ഹിയില്‍ മാത്രം 150-ഉം, മുംബൈയില്‍ 118-ഉം, ബെംഗളൂരുവില്‍ 100-ഉം വിമാനങ്ങളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്. അടുത്ത രണ്ട്-മൂന്ന് ദിവസങ്ങളിലും റദ്ദാക്കലുകള്‍ തുടരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
പ്രതിദിനം 2,300 സര്‍വീസുകള്‍ നടത്തുന്നതും സമയനിഷ്ഠ മുഖമുദ്രയായി അവകാശപ്പെടുന്നതുമായ ഇന്‍ഡിഗോയ്ക്ക് ഇത് കനത്ത തിരിച്ചടിയായി. ചൊവ്വാഴ്ച 35% ആയിരുന്ന സമയനിഷ്ഠ ബുധനാഴ്ച 19.7% ആയി കുറഞ്ഞു. പ്രശ്‌ന പരിഹാരത്തിനായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും ഉഏഇഅയും ഇന്‍ഡിഗോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു.
വിമാനങ്ങള്‍ റദ്ദാക്കിയത് മൂലം യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഇന്‍ഡിഗോ ഖേദം പ്രകടിപ്പിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി നെറ്റ്വര്‍ക്കിലും പ്രവര്‍ത്തനങ്ങളിലും വ്യാപകമായ തടസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും, ബുദ്ധിമുട്ട് ബാധിച്ച ഉപഭോക്താക്കളോടും പങ്കാളികളോടും ക്ഷമ ചോദിക്കുന്നതായും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. യാത്ര ചെയ്യുന്നതിന് മുന്‍പ് ഉപഭോക്താക്കള്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും ഇന്‍ഡിഗോ അഭ്യര്‍ത്ഥിച്ചു.