ഇന്‍ഡിഗോ ബസ് കസ്റ്റഡിയില്‍; ടാക്സ് അടച്ചില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

Jaihind Webdesk
Tuesday, July 19, 2022

കോഴിക്കോട്: ഇന്‍ഡിഗോ എയര്‍ലൈന്‍സിന്‍റെ ബസ് കസ്റ്റഡിയിലെടുത്ത് മോട്ടോർ വാഹന വകുപ്പ്. കോഴിക്കോട്ട് രാമനാട്ടുകരയില്‍ നിന്ന് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ വേണ്ടിയുള്ള ബസാണ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശികയുണ്ടെന്നാണ് എംവിഡിയുടെ വിശദീകരണം.

വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദ്ദിച്ചതിന് എല്‍ഡിഎഫ് കണ്‍വീനർ ഇ.പി ജയരാജനെതിരെ ഇന്‍ഡിഗോ എയർലൈന്‍സ് കഴിഞ്ഞ ദിവസം നടപടി സ്വീകരിച്ചിരുന്നു. മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ജയരാജന്‍ ഇന്‍ഡിഗോയെ ബഹിഷ്കരിച്ച് രംഗത്തെത്തിയിരുന്നു. നടന്നുപോകേണ്ടിവന്നാലും ഇനി ഇന്‍ഡിഗോയില്‍ കയറില്ലെന്നും വൃത്തികെട്ട കമ്പനിയാണെന്നുമായിരുന്നു ജയരാജന്‍റെ പ്രതികരണം. പിന്നാലെ സിപിഎമ്മും ഇന്‍ഡിഗോ നടപടിയെ വിമർശിച്ച് രംഗത്തെത്തി. ഇതിന് പിന്നാലെയാണിപ്പോള്‍ ഇന്‍ഡിഗോയുടെ എയർപോര്‍ട്ട് ബസ് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.