ഇ.പി ജയരാജന്‍റെ മകനും സ്വപ്നയുമായുള്ള ബന്ധം പുറത്തുവന്നതിന് പിന്നിൽ സി.പി.എം ഉന്നത നേതൃത്വത്തിലെ ഭിന്നതയെന്ന് സൂചന

Jaihind News Bureau
Sunday, September 13, 2020

 

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷും മന്ത്രി ഇ.പി ജയരാജന്‍റെ മകൻ ജയ്സണുമായുള്ള ബന്ധം പുറത്ത് വന്നതിന് പിന്നിൽ സി.പി.എം ഉന്നത നേതൃത്വത്തിലെ ഭിന്നതയെന്ന് സൂചന.  തോമസ് ഐസക്കും ഇ.പി ജയരാജനും തമ്മിലുള്ള ഭിന്നതയാണ് ഇതിന് വഴി തുറന്നതെന്ന വിവരമാണ് ലഭിക്കുന്നത്.

ധനമന്ത്രി തോമസ് ഐസക്കും വ്യവസായ മന്ത്രി ഇ.പി ജയരാജനും തമ്മിലുള്ള പാർട്ടിയിലെ ഉൾപ്പോരാണ് സ്വപ്നാ സുരേഷുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തെത്താൻ കാരണമായിട്ടുള്ളത്. പാര്‍ട്ടിയിൽ തന്‍റെ ശത്രുപക്ഷത്തുള്ള ഇ.പി ജയരാജനെ  ഒതുക്കാൻ ഐസക്ക്  പാർട്ടി ചാനലായ കൈരളി വഴിയാണ് പോർമുഖം തുറന്നത്. തന്‍റെ ചേരിക്ക് കരുത്തേകാൻ മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവും കൈരളി ടി.വിയുടെ എം.ഡിയുമായ ജോണ്‍ ബ്രിട്ടാസിനെയും കൂട്ടുപിടിച്ചാണ് ഐസക്ക് തന്ത്രപരമായി നീങ്ങിയതെന്നും പറയപ്പെടുന്നു.

ആഗസ്റ്റ് 20ന്  കൈരളിയില്‍ ജോണ്‍ ബ്രിട്ടാസിന്‍റെ  ചര്‍ച്ചയിലാണ് ലൈഫ് മിഷന്‍ ഫ്ലാറ്റ് ഇടപാടില്‍ നാല് കോടി 25 ലക്ഷം രൂപയുടെ കമ്മീഷന്‍ കൈമാറിയിട്ടുണ്ടെന്ന വിവരം  ബ്രിട്ടാസ് തന്നെ പുറത്തുവിടുന്നത്. മാധ്യമപ്രവർത്തകനായ കെ.എം ബഷീര്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട ദിവസം തലസ്ഥാനത്തെ വെള്ളയമ്പലത്തുള്ള കഫേ കോഫി ഡേയുടെ മുന്നില്‍ വെച്ച് ഈ പണം കൈമാറിയെന്നും ബ്രിട്ടാസ് വ്യക്തമാക്കിയിരുന്നു.  ഈ സംഭവത്തെക്കുറിച്ച് തനിക്കും അറിവുണ്ടെന്ന് ഐസക്ക് സമ്മതിക്കുകയും ചെയ്തു.

എന്നാൽ പാർട്ടിയുടെ ഔദ്യോഗിക ചാനലിൽ ഇത്തരമൊരു വാർത്ത വന്നത് എല്ലാവരെയും അമ്പരപ്പിച്ചിരുന്നു. ജയരാജനെ ഒതുക്കാന്‍ വേണ്ടി വളരെ ആസൂത്രിതമായി ഇത്തരമൊരു വിവരം പുറത്തുവിട്ടതെന്നാണ് ഇപ്പോൾ കരുതപ്പെടുന്നത്. കണ്ണൂര്‍ ലോബിക്ക്  പണ്ട് മുതലേ അനഭിമതനായ ഐസക്കുമായി ഇ.പി ജയരാജൻ വി.എസ് മന്ത്രിസഭയിൽ തുടങ്ങിയ പരസ്യ ഏറ്റുമുട്ടലിനാണ് ഇതോടെ പുതിയ മാനം കൈവന്നത്.

കേന്ദ്ര കമ്മിറ്റിയില്‍ ഐസക്കിനെക്കാള്‍ സീനിയറാണ് ജയരാജന്‍. എന്നാൽ ഇത് മന്ത്രിസഭയിൽ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഐസക്കുള്ളത്. ഈ മൂപ്പിളമത്തർക്കം നിലനിൽക്കുന്നതിനിടെ പാര്‍ട്ടിക്കുള്ളിലെ നേതൃസ്ഥാനം ഉറപ്പിക്കുന്നതിനുവേണ്ടി ഇവർ തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്. ജയരാജന്‍ പിണറായിയുമായി കൂടുതല്‍ അടുത്തതോടെ ഔദ്യോഗിക ഗ്രൂപ്പില്‍ നിന്ന് പുറത്തായ ഐസക്ക്, തരം കിട്ടിയപ്പോള്‍ ജയരാജന്‍റെ മകനുമായുള്ള സ്വപ്‌നയുടെ ബന്ധവും കമ്മീഷന്‍ ഇടപാടും ബ്രിട്ടാസുമായി ചേര്‍ന്ന് പൊതുമധ്യത്തിൽ തുറന്നുകാട്ടി കൂടുതൽ വാർത്തകൾക്ക് വഴിതെളിച്ചുവെന്നാണ് പാർട്ടിക്കുള്ളിൽ നിന്നുയരുന്ന ആരോപണം.