ന്യൂഡല്‍ഹി: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. ഇന്ത്യയുടെ വിദേശനയം പൂര്‍ണ്ണമായും തകര്‍ന്നുവെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ആക്രമിക്കുന്ന സിന്ദൂര്‍ ഓപ്പറേഷന്റെ വിവരങ്ങള്‍ ശത്രുരാജ്യത്തെ നേരത്തേ അറിയിച്ചുവെന്ന ഗുരുതരമായ ആരോപണം വിദേശകാര്യ മന്ത്രിയ്‌ക്കെതിരേ കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നു.
പ്രധാനമായും മൂന്നു ചോദ്യങ്ങളാണ് രാഹുല്‍ഗാന്ധി കേന്ദ്രമന്ത്രിയ്‌ക്കെതിരേ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയേയും പാക്കിസ്ഥാനേയും എപ്പോഴും സമരസപ്പെടുത്തുന്ന രീതിയില്‍ സംസാരിക്കുന്നതെന്നും പാകിസ്ഥാനെ അപലപിക്കുന്നതില്‍ ഒരു രാജ്യം പോലും ഇന്ത്യയെ പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദ്യം ഉയര്‍ത്തുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ‘മധ്യസ്ഥത’ വഹിക്കാന്‍ ആരാണ് ട്രംപിനോട് ആവശ്യപ്പെട്ടതെന്നും എക്‌സിലെ പോസ്റ്റില്‍ രാഹുല്‍ ഗാന്ധി ചോദിച്ചു.
കഴിഞ്ഞദിവസം സ്വീഡിഷ് മാദ്ധ്യമത്തിന് വിദേശകാര്യമന്ത്രി നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണമായാണ് ഈ ചോദ്യങ്ങള്‍ രാഹുല്‍ ചോദിച്ചിരിക്കുന്നത്. നേരത്തെ എക്‌സിലെ ഒരു പോസ്റ്റില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചിരുന്നു. വിദേശകാര്യ മന്ത്രിയെ ‘ജയ്ചന്ദ് ജയശങ്കര്‍’ എന്ന് വിളിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുന്നത്. പൃഥ്വിരാജ് റാസോ എന്ന ഇതിഹാസ കാവ്യത്തിലെ ഒരു കഥാപാത്രമാണ് ജയ്ചന്ദ്. രജപുത്ര ഭരണാധികാരിയായ പൃഥ്വിരാജ് ചൗഹാനെതിരെ മുഹമ്മദ് ഘോറിയുമായി ജയ്ചന്ദ് സഖ്യമുണ്ടാക്കിയതായി പറയപ്പെടുന്നു. ജയ്ശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരുന്ന ഓരോ ദിവസവും അദ്ദേഹം ഒരു ബാധ്യത മാത്രമല്ല, ഇന്ത്യയുടെ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് ഗുരുതരമായ ഭീഷണിയുമാണ്. അദ്ദേഹത്തെ ഉടന്‍ തന്നെ സ്ഥാനത്തുനിന്ന് നീക്കണം, അദ്ദേഹത്തിന്റെ പരാജയങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
സൈന്യം ശക്തമായി മുന്നേറുകയും പാകിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ക്കെതിരെ നിര്‍ണ്ണായക നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന സമയത്ത് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ നിര്‍ത്തിവച്ചതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ ചോദ്യം ചെയ്തിരുന്നു.