ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മല്‍സരം ഇന്ന്; ബംഗ്ലാദേശിനെ തുരത്താന്‍ ഇന്ത്യ

Jaihind News Bureau
Thursday, February 20, 2025

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ന് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം നയക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത്. ഉച്ചയ്ക്ക് 2.30 ന് ദുബായിലാണ് മത്സരം

11 വര്‍ഷങ്ങള്‍ക്കു ശേഷം  2024-ലെ ടി20 ലോകകപ്പ് ജയത്തോടെയായിരുന്നു ഇന്ത്യ തങ്ങളുടെ ഐസിസി ട്രോഫി വരള്‍ച്ച അവസാനിപ്പിച്ചത്. 2023-ല്‍ സ്വന്തം നാട്ടില്‍ നടന്ന ഏകദിന ലോകകപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ കലാശപ്പോരിലെ തോല്‍വി നല്‍കിയ നിരാശയ്ക്കു ശേഷമായിരുന്നു ആ കിരീട നേട്ടം ഇന്ത്യ സ്വന്തമാക്കിയത്. ഇപ്പോഴിതാ മറ്റൊരു ഐസിസി ടൂര്‍ണമെന്‍റില്‍ എത്തുകയാണ് ഇന്ത്യന്‍ ടീം. ഈ വര്‍ഷത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മാമാങ്കമായ ,മിനി ലോകകപ്പ് എന്നറിയപ്പെടുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ സംഘം പോരാട്ടത്തിനിറങ്ങുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയാണ്. പാകിസ്താനിലും യു.എ.ഇയിലുമായിട്ടാണ് മല്‍സരങ്ങള്‍ നടക്കുന്നത്. സുരക്ഷ കാരണങ്ങളാല്‍ ഇന്ത്യയുടെ എല്ലാ മല്‍സരങ്ങളും ദുബായിലാണ് നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയും ടി20 യും തൂത്തുവാരിയാണ് ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിക്കായി ഒരുങ്ങുന്നത്. ടൂര്‍ണമെന്‍റിനെത്തുന്ന എട്ടു ടീമുകളിലെ ഏറ്റവും മികച്ച ബാറ്റിങ് യൂണിറ്റ് ഏതെന്ന് ചോദിച്ചാല്‍ ഇന്ത്യ എന്നുതന്നെയാകും മറുപടി. സമീപകാലത്ത് ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റിങ് ശരാശരിയും സ്‌ട്രൈക്ക് റേറ്റും ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. വലിയ സ്‌കോറുകള്‍ നേടുന്നു എന്നതുമാത്രമല്ല, അത് അടിച്ചെടുക്കുന്ന ഭയാനകമായ നിരക്കാണ് ഇന്ത്യന്‍ ടീമിനെ അപകടകാരികളാക്കുന്നത്. 2023-ന് ശേഷം 11 തവണയാണ് ഇന്ത്യ എതിരാളികള്‍ക്കെതിരേ 350 റണ്‍സിലേറെ അടിച്ചെടുത്തത്. ഒരു തവണ 400 കടക്കുകയും  ചെയ്തു. കോഹ്ലി, രോഹിത്, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യരടക്കമുള്ള ബാറ്റിങ് നിര കരുത്തുറ്റതാണ്.

എന്നാല്‍ ബൗളിങ്ങില്‍ കാര്യങ്ങള്‍ അങ്ങനെയല്ല. ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പരയ്ക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ അഭാവം തന്നെയാണ് ടീം ഇന്ത്യയുടെ പ്രധാന തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് ദീര്‍ഘകാലം പുറത്തിരുന്ന മുഹമ്മദ് ഷമിയാണ് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. ഒപ്പം അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ് എന്നിവരും ചേരുന്നു. മറുവശത്ത് ബംഗ്ലാദേശ് അത്ര മോശവുമല്ല. 2002-ലും 2013-ലും ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയ ഇന്ത്യ, ടൂര്‍ണമെന്‍റിലെ മൂന്നാം ചാമ്പ്യന്‍ഷിപ്പാണ് ലക്ഷ്യമിടുന്നത്. നിലവില്‍ രണ്ട് ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ വീതം നേടി ഇന്ത്യയും ഓസ്ട്രേലിയയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നു.