ന്യൂഡല്‍ഹി: രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്കെന്ന് കേന്ദ്രസര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. രാജ്യത്തിന്റെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമായി. 45 വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മ നിരക്കാണ് ഇത്. മാര്‍ച്ചില്‍ അവസാനിച്ച ആഭ്യന്തര ഉത്പാദന നിരക്ക് 5.8 ശതമാനമാണ് രണ്ടുവര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്്. ഇതേകാലഘട്ടത്തില്‍ ചൈന 6.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഇതോടെ വേഗത്തില്‍ വളരുന്ന സമ്പദ്ഘടനയെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. 2018ലെ സര്‍വേ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിഷേധിച്ച റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രാജ്യത്തെ ജിഡിപി അഞ്ചുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനമാണ് രാജ്യത്തെ ജിഡിപി.
ദേശീയ സ്റ്റാറ്ററ്റിക്കല്‍ കമ്മിഷന്‍ അംഗീകരിച്ച റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പിന് മുൻപ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്‍ ആക്ടിങ് ചെയര്‍മാനും മലയാളിയുമായ പി.സി. മോഹനന്‍, കമ്മിഷന്‍ അംഗം ജെ.വി. മീനാക്ഷി എന്നിവര്‍ രാജിവച്ചിരുന്നു.
തൊഴിലില്ലായ്മാ നിരക്ക് വ്യക്തമാക്കുന്ന നാഷണൽ സാംപിൾ സർവേയുടെ റിപ്പോർട്ടും ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴിൽ സർവേ റിപ്പോർട്ടുമാണ് നേരത്തേ മോദി സർക്കാർ പൂഴ്ത്തിവെച്ചിരുന്നതായ വിമർശനം ശക്തമായിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണെന്ന് വ്യക്തമാക്കുന്നതായിരുന്നു നാഷണൽ സാംപിൾ സർവേ റിപ്പോർട്ട്. 2017-18 കാലയളവിൽ തൊഴിലില്ലായ്മാനിരക്ക് 6.1 ശതമാനം ആയി കുത്തനെ ഉയർന്നു എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇത് 45 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ്. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിലെത്തിയ പശ്ചാത്തലത്തിൽ റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല എന്ന് മോദി സർക്കാർ തീരുമാനിച്ചിരിക്കുകയായിരുന്നു. മോദി സർക്കാരിൻറെ കാലത്തെ തൊഴിൽ നഷ്ടം വ്യക്തമാക്കുന്നതാണ് ലേബർ ബ്യൂറോയുടെ ആറാമത് വാർഷിക തൊഴിൽ സർവേ റിപ്പോർട്ടും. 2016-17ൽ തൊഴിലില്ലായ്മാ നിരക്ക് നാല് വർഷത്തെ ഏറ്റവും കൂടി 3.9 ശതമാനമായി എന്നാണ് ആറാമത് വാർഷിക റിപ്പോർട്ട് പറയുന്നത്. ഇതും സർക്കാരിന് തിരിച്ചടിയാകുമെന്നതിനാൽ പുറത്തുവിട്ടിട്ടില്ല.