രാജ്യത്ത് കൊവിഡ് തരംഗം : പ്രതിദിന കേസുകള്‍ ഇതാദ്യമായി ഒന്നര ലക്ഷം കടന്നു


ന്യൂഡൽഹി ∙ രാജ്യത്ത് ആദ്യമായി പ്രതിദിന കൊവിഡ് കേസുകൾ 1.5 ലക്ഷം പിന്നിട്ടു. പുതിയതായി 1,52,879 പേർക്കാണു കൊവിഡ് ബാധിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 1,33,58,805 ആയി. 11,08,087 പേരാണു ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 839 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 1,69,275 ആയി. ചികിത്സയിലായിരുന്ന 90,584 പേരെ ഡിസ്ചാർജ് ചെയ്തു. രോഗമുക്തരുടെ ആകെ എണ്ണം 1,20,81,443.

തുടർച്ചയായ അഞ്ചാം ദിവസമാണു കൊവിഡ് കേസുകൾ ഒരു ലക്ഷത്തിനു മുകളിൽ റിപ്പോർട്ട് ചെയ്യുന്നത്. ആകെ സജീവ കേസുകളുടെ 72.23 ശതമാനം മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, കേരള എന്നീ സംസ്ഥാനങ്ങളിലാണ്. കൊവിഡ് കേസുകൾ കൂടുന്നതിനിടെ വാക്സിനേഷൻ പദ്ധതിയും പുരോഗമിക്കുകയാണ്.  10,15,95,147 പേർക്കു പ്രതിരോധ വാക്സീൻ നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊവിഡ് രണ്ടാംതരംഗം വ്യാപിക്കുമ്പോൾ രാജ്യവ്യാപക ലോക്ഡൗണിന്‍റെ ആവശ്യം ഇല്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നൽകി. സാമൂഹിക പരിഷ്കർത്താവ് ഭൂലെയുടെ ജന്മദിനമായ 11 മുതൽ അംബേദ്കർ ജയന്തിയായ 14 വരെ വാക്സീൻ ഉത്സവം ആഘോഷിക്കുകയാണു രാജ്യം. മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ ശുചിയാക്കുക, പോസിറ്റീവായവർക്കു ചികിത്സ നൽകുക, മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകൾ പ്രഖ്യാപിക്കുക തുടങ്ങിയ നടപടികളിലൂടെ കൊവിഡ‍ിനെ നേരിടാമെന്നു വാക്സീൻ ഉത്സവത്തിനു മുന്നോടിയായി പ്രധാനമന്ത്രി പറഞ്ഞു.

 

Comments (0)
Add Comment