വെള്ളിയാഴ്ച മാത്രം കൊവിഡ് മരണം 265, രോഗ ബാധിതർ 7964; മരണനിരക്കില്‍ ചൈനയെ മറികടന്ന് ഇന്ത്യ, ആശങ്കാജനകം

Jaihind News Bureau
Saturday, May 30, 2020

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണത്തിലും റെക്കോർഡ് വർധനവ്. 7964 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചു. 265 പുതിയ മരണങ്ങളും കഴിഞ്ഞ മണിക്കൂറുകളിൽ രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,73,763 ലേക്ക് ഉയർന്നു. 4,971 കോവിഡ് മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.

നാലാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ രാജ്യത്ത് കൊവിഡ് രോഗം ആശങ്കാജനകമായി വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. വെള്ളിയാഴ്ച മാത്രം 7964 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. കൊവിഡ് കേസുകളുടെ എണ്ണത്തില്‍ തുര്‍ക്കിയെയും, മരണത്തില്‍ ചൈനയെയും മറികടന്നത് രാജ്യത്ത് രോഗവ്യാപനം രൂക്ഷമാകുന്നതിന്‍റെ തെളിവാണ്.

നാലാം ഘട്ട ലോക്ക്ഡൗണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തിയിരുന്നു. രാജ്യത്ത് രോഗനിർണയം നടത്താനുള്ള ടെസ്റ്റുകള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നിരന്തരമായി ഓർമപ്പെടുത്തിയിട്ടും കേന്ദ്രം അലംഭാവം തുടരുകയാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ നാലാം ഘട്ടം അവസാനിക്കാനിരിക്കെ നാളെ പ്രധാനമന്ത്രിയുടെ മന്‍ കീ ബാത്തില്‍ അടുത്ത ഘട്ടം സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും.