ഇസ്രയേലിലും പലസ്തീനിലും കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി നാട്ടിലെത്തിക്കണം: കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് കെ. സുധാകരന്‍ എംപി

Jaihind Webdesk
Tuesday, October 10, 2023

തിരുവനന്തപുരം: ഇസ്രയേയിലിലും പലസ്തീനിലുമായി കുടുങ്ങിയ ഇന്ത്യക്കാരെ എത്രയും വേഗം സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയക്കുകയും ഇസ്രയേയിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാന്‍ സിംഗ്ലയുമായി ഫോണില്‍ ആശയവിനിമയം നടത്തുകയും ചെയ്തു.

ജോലിക്കും തീര്‍ത്ഥാടനത്തിനും മറ്റുമായിപോയ നിരവധി മലയാളികളാണ് ഇസ്രയേലിലും പലസ്തീനിലുമായി  കുടുങ്ങിക്കിടക്കുന്നത്. ഏകദേശം 18,000 ത്തോളം ഇന്ത്യക്കാരില്‍ 7,000 ത്തോളം മലയാളികളുണ്ടെന്നാണ് മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞത്. ഇവരെ നാട്ടിലേക്കോ അല്ലെങ്കില്‍ അവിടെത്തന്നെ സുരക്ഷിതമായ സ്ഥലത്തേക്കോ മാറ്റുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അവരുടെ സുരക്ഷ ഇന്ത്യന്‍ എംബസി ഉറപ്പാക്കണം. നാട്ടിലേക്ക് മടങ്ങാന്‍ താല്‍പ്പര്യപ്പെടുന്നവര്‍ക്കായി പ്രത്യേക വിമാനസര്‍വീസ് ഏര്‍പ്പെടുത്തണം. ജീവഭയം കാരണം പലരും പുറത്തിറങ്ങാതെ അടച്ചിട്ട മുറികളില്‍ കഴിയുകയാണ്. ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാകാത്തതുകാരണം ഉറ്റവര്‍ക്ക് ഇവരുമായുമുള്ള ആശയവിനിമയം സാധ്യമാകാത്ത സ്ഥിതിയുണ്ട്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നു.

മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കണ്ണൂര്‍ സ്വദേശിനി ഷീജ ആനന്ദിന്‍റെ തുടര്‍ ചികിത്സ കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിലും പലസ്തീനിലുമായി കുടുങ്ങിയ ഇന്ത്യക്കാരെ തിരികെ സുരക്ഷതിമായി നാട്ടിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് വിദേശകാര്യമന്ത്രി ജയശങ്കറും ഇസ്രയേയിലിലെ ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് കുമാന്‍ സിംഗ്ലയും കെ. സുധാകരന്‍ എംപിക്ക് ഉറപ്പുനല്‍കി.