അബുദാബി ഹൂതി ആക്രമണത്തില്‍ മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു: മൃതദേഹങ്ങള്‍ ഇന്ത്യയിലേക്ക്; തിരിച്ചടി വീണ്ടും ശക്തമാക്കി സൗദി സഖ്യസേന

Elvis Chummar
Tuesday, January 18, 2022

ദുബായ് : അബുദാബിക്ക് നേരെ തിങ്കളാഴ്ച നടന്ന ഹൂതി ആക്രമണത്തില്‍ മരിച്ച 2 ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു. ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. എന്നാല്‍ മരിച്ചവരുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടില്ല.

പരിക്കേറ്റ ആറ് പേരിലെ രണ്ട് ഇന്ത്യന്‍ പൗരന്മാരെ ആശൂപത്രയില്‍ നിന്നും ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെന്നും എംബസി ട്വീറ്റ് ചെയ്തു. അതേസമയം, അബുദാബി ഹൂതി ആക്രമണ സംഭവത്തില്‍ തിരിച്ചടി ആരംഭിച്ചെന്ന് ഞങ്ങളുടെ ദുബായ് ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. യെമനിലെ ഹൂതി ഭീകര കേന്ദ്രങ്ങളിലേക്ക് സൗദി സഖ്യസേനയുടെ വ്യോമാക്രമണം ആരംഭിച്ചെന്ന് സൗദി വാര്‍ത്താ എജന്‍സി വ്യക്തമാക്കി.

24 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനാണ് നടക്കുന്നത്. യെമനിലെ സിന മേഖലകളിലാണ് ആക്രമണം നടക്കുന്നത്. അതേസമയം വിവിധ ലോക രാജ്യങ്ങള്‍ സംഭവത്തെ അപലപിച്ചു. അമേരിക്ക, സൗദി അറേബ്യ, കുവൈത്ത്, ഈജിപ്ത്, പാകിസ്ഥാന്‍, ജോര്‍ദാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ യുഎഇയ്ക്ക് പിന്തുണ വാഗ്ദാനം ചെയ്തു.