കൊവിഡ്: പ്രതിരോധ-സന്നദ്ധ പ്രവർത്തനങ്ങളില്‍ സജീവമായി കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ

Jaihind News Bureau
Thursday, April 9, 2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും-സന്നദ്ധ പ്രവർത്തനങ്ങളുടെയും തിരക്കിലാണ് കണ്ണൂർ ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് നിരവധിപേർക്കാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സഹായമെത്തിക്കുന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യൂത്ത് കോൺഗ്രസ് സംസ്ഥാന തലത്തിൽ നടപ്പിലാക്കിയ യൂത്ത് കെയർ എന്ന പദ്ധതിയുടെ പേരിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടപ്പിലാക്കിയത്.

സംസ്ഥാനത്ത് കൊറോണ ബാധ ആദ്യം സ്ഥിരീകരിച്ചപ്പോൾ പ്രതിപക്ഷ നേതാവിന്റെ ആഹ്വാനമനുസരിച്ച് ഹാൻഡ് വാഷ് ചലഞ്ച് ഏറ്റെടുത്ത് ജില്ലയിൽ 100ൽ അധികം വാഷിംഗ് കേന്ദ്രങ്ങൾ ഒരുക്കി .സംസ്ഥാന കമ്മറ്റി ആഹ്വാന പ്രകാരം എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ രക്തദാനം നടത്തി.ഇതോടപ്പം കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മാസ്ക് നിർമ്മിച്ചു. ഇത്തരത്തിൽ അമ്പതിനായിരത്തിൽപരം മാസ്കുകൾ ജില്ലയിൽ വിതരണം ചെയ്തു.

ഇരുപതിനായിരത്തോളം സാനിറ്റൈസർ നിർമ്മിച്ച് പൊതുജനങ്ങൾക്ക് വിതരണം ചെയ്തു. ഗ്രാമങ്ങൾ ഉൾപ്പടെയുള്ള ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഭക്ഷ്യവസ്തുക്കളുടെ വിതരണവും നടത്തി വരുന്നു. ഭക്ഷ്യ വസ്തു- പച്ചക്കറി കിറ്റ് വിതരണം ജില്ലയിൽ തുടരുന്നുണ്ട്. 10000 അധികം കിറ്റുകൾ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്തിൽ ജില്ലയിൽ വിതരണം ചെയ്ത് കഴിഞ്ഞു.

അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണപ്പൊതി എത്തിച്ച് കൊടുക്കാനും ജില്ലയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുന്നിലുണ്ട്. ഭക്ഷണ പൊതി വിതരണം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടരുന്നുണ്ട്. മരുന്ന് ആവശ്യമുള്ളവർക്ക് മരുന്ന് എത്തിച്ച് കൊടുക്കാൻ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. വരും ദിവങ്ങളിലും കുടുതൽ സഹായങ്ങൾ എത്തിക്കാനുള്ള ശ്രമത്തിലാണ് കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ.