ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടി-20 ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി തുടരുമ്പോള്‍ ടെസ്റ്റ് ടീം ക്യാപ്റ്റനായ ശുഭ്മാന്‍ ഗില്‍ വൈസ് ക്യാപ്റ്റനാകും. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടംനേടി. അതേസമയം. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രേയസ് അയ്യരെ ടീമില്‍ നിന്നും ഒഴിവാക്കി.
യുഎഇ വേദിയാകുന്ന ഏഷ്യാകപ്പില്‍ 15 അംഗ ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചത്. മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറും ടി20 ടീം നായകന് സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് ബിസിസിഐ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജു ടീമില്‍ ഇടം നേടിയെങ്കിലും ജിതേഷ് ശര്‍മയുടെ പേരാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് അഗാര്‍ക്കര്‍ പ്രഖ്യാപിച്ചത്.
ടി-20 ഫോര്‍മാറ്റില്‍ കഴിവ് തെളിയിച്ചിട്ടുള്ള ശ്രേയസ് അയ്യരെ ഒഴിവാക്കിയായിരുന്നു ടീം പ്രഖ്യാപനം. ഐപിഎല്‍ 18-ആം സീസണില്‍ അയ്യരുടെ ക്യാപ്റ്റന്‍സിയും ബാറ്റിംഗ് പ്രകടനവും വളരെയധികം ചര്‍ച്ചയായതാണ്. അതേസമയം, ഇംഗ്ലണ്ടിനെതിരെ മികച്ച മത്സരം കാഴ്ച വെച്ച വാഷിംങ്ടണ്‍ സുന്ദറെയും യശസ്വി ജയ്സ്വാളിനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല.
അടുത്തമാസം 9ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന് ഗ്രൂപ്പ് പോരാട്ടം. ഇന്ത്യക്കും പാകിസ്ഥാനും യുഎഇക്കും പുറമെ ഒമാന്‍ കൂടി അടങ്ങുന്നതാണ് എ ഗ്രൂപ്പ്. നാലു ടീമുകളെ വീതം രണ്ട് ഗ്രൂപ്പാക്കി തിരിച്ച് നടക്കുന്ന മത്സരങ്ങള്‍ക്ക് ശേഷം ആദ്യ നാലിലെത്തുന്ന നാലു ടീമുകള്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും. സൂപ്പര്‍ ഫോറില്‍ ഓരോ ടീമും മൂന്ന് മത്സരങ്ങള്‍ വീതം കളിക്കും. ഇതില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകളാകും ഫൈനലിലേക്ക് യോഗ്യത നേടുക. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് പരിഗണിച്ച് ടി20 ഫോര്‍മാറ്റിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടക്കുന്നത്.
പ്രഖ്യാപിച്ച ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ്, ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദ്ദിക് പാണ്ഡ്യ, ശിവം ഡുബേ, അക്ഷര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, ജസ്പ്രീത് ബുംമ്ര, ആര്‍ഷ്ദീപ് സിംങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്, ഹര്‍ഷിത് റാണ, റിങ്കു സിംങ്.