അതിർത്തിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റു; കീവിലേക്ക് തിരികെ കൊണ്ടുപോയെന്ന് കേന്ദ്രം

Jaihind Webdesk
Friday, March 4, 2022

യുക്രെയ്ന്‍ തലസ്ഥാനമായ കീവിൽ നിന്ന് അതിർത്തിയിലേക്ക് സഞ്ചരിക്കുന്നതിനിടെ ഇന്ത്യൻ വിദ്യാർത്ഥിക്ക് വെടിയേറ്റതായി കേന്ദ്രം. വിദ്യാർഥിയെ പാതിവഴിയിൽ തിരിച്ചുകൊണ്ടുപോയതായും അതിർത്തിയിലെത്തിക്കാൻ ശ്രമം തുടരുകയാണെന്നും കേന്ദ്രമന്ത്രി വി.കെ സിംഗ് അറിയിച്ചു. വിദ്യാർത്ഥിയുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് ഇനിയും രക്ഷ തേടി യുക്രെയ്നിലുള്ളത്. ഭക്ഷണവും വെള്ളവും തീരുകയാണെന്ന് വീഡിയോ സന്ദേശത്തില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈദ്യുതിയും ലഭിക്കാത്ത സാഹചര്യമാണെന്നും മൊബൈല്‍ ഫോണുകളിലെ ചാർജ് തീരുകയാണെന്നും ഇവർ പറയുന്നു. അടിയന്തരമായി ഇന്ത്യന്‍ എംബസി തങ്ങളെ സഹായിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

അതേസമയം യുക്രെയ്നില്‍ റഷ്യ നടത്തുന്ന സൈനിക നടപടി ഇന്ന് ഒമ്പതാം ദിവസത്തിലേക്ക് കടന്നു. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയമായ സ്പോർഷ്യ ആണവനിലയം റഷ്യ ആക്രമിച്ചു. ആണവനിലയത്തിൽ തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതർ അറിയിച്ചു. ആണവനിലയം റഷ്യയുടെ നിയന്ത്രണത്തിലായെന്നാണു റിപ്പോര്‍ട്ടുകള്‍. ചെർണോബിലിനേക്കാൾ പത്തിരട്ടി വലിയ ഭീഷണിയാണെന്നും റഷ്യ എത്രയും പെട്ടെന്ന് ആക്രമണം അവസാനിപ്പിക്കണമെന്നും യുക്രെയ്ന്‍ ആവശ്യപ്പെട്ടു.