ജന്മദിന നിറവില്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ; പാരമ്പര്യത്തിന്‍റെ പ്രൗഢിയും യുവത്വത്തിന്‍റെ പ്രസരിപ്പുമായി 136ല്‍

Jaihind Webdesk
Monday, December 28, 2020

 

തിരുവനന്തപുരം : ലോകത്തിലെ തന്നെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായിട്ട് ഇന്ന് 136 വർഷം പൂർത്തിയാകുന്നു. പാരമ്പര്യത്തിലൂടെ ആർജ്ജിച്ച പക്വതയും യുവത്വത്തിന്‍റെ പ്രസരിപ്പുമായാണ് പാർട്ടി 136ആം വയസ്സിലേക്ക് കടക്കുന്നത്.

ലോകത്തിലെ ഏറ്റവും പഴയതും വലിയതുമായ ജനാധിപത്യ രാഷ്ട്രീയ പാർട്ടികളിൽ ഒന്നാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. 1885 ൽ ബ്രിട്ടീഷ് ഭരണ കാലത്ത് എ.ഒ.ഹ്യൂം, ദാദാഭായി നവറോജി , ഡിൻഷൗ എദുൽജി വച്ച എന്നിവർ ചേർന്നാണ് പ്രസ്ഥാനം രൂപീകരിച്ചത്. 1.5 കോടി സജീവ അംഗങ്ങളും 7 കോടി സമര സേനാനികളുമായി അന്നത്തെ ഇന്ത്യയിലെ ബ്രിട്ടീഷ് കോളനി ഭരണത്തിനെതിരെ കേന്ദ്രബിന്ദുവായി നിന്ന് സമരം നയിച്ചു. ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണതലത്തിൽ അഭ്യസ്തവിദ്യരായ ഇന്ത്യക്കാർക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ  നാഷണൽ കോൺഗ്രസ് രൂപം കൊണ്ടത്. 1947ലെ സ്വാതന്ത്ര്യലബ്ധിക്കു ശേഷം കോൺഗ്രസ്, ഇന്ത്യയിലെ അനിഷേധ്യ രാഷ്ട്രീയ ശക്തിയായി മാറി.

ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ ഏഴു കോൺഗ്രസ് പ്രധാനമന്ത്രിമാരാണ് രാജ്യം ഭരിച്ചത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടമെന്നും സ്വാതന്ത്ര്യാനന്തര കാലഘട്ടമെന്നും രണ്ട് വ്യത്യസ്ഥ കാലഘട്ടങ്ങളായി ഇൻഡ്യൻ നാഷണൽ കോൺഗ്രസിനെ വിലയിരുത്താം.സ്വാതന്ത്രത്തിനു മുൻപുള്ള കാലഘട്ടത്തിൽ സ്വാതന്ത്യ സമരത്തിനു നേതൃത്വം നൽകിയ സംഘടന ആയിരുന്നുവെങ്കിൽ, സ്വാതന്ത്രാനന്തര കാലഘട്ടത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ തന്നെ പ്രമുഖ രാഷ്ട്രീയ കക്ഷിയായി മാറാൻ ഈ പ്രസ്ഥാനത്തിന് സാധിച്ചു.