20 വർഷത്തിന് ശേഷം ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസ് ഫൈനലിൽ

ഏഷ്യൻ ഗെയിംസ് ഫൈനൽ പ്രവേശം നേടി ഇന്ത്യൻ വനിതാ ഹോക്കി ടീം. 20 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹോക്കിയിൽ വനിതാ ടീം ഫൈനലിലേക്കു കുതിക്കുന്നത്. സെമിയിൽ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ടീം ഫൈനൽ പ്രവേശനം ഉറപ്പിച്ചത്. അതേസമയം 11 സ്വർണം ഉൾപ്പടെ 54 മെഡലുകളുമായി ഗെയിംസിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്ത് തുടരുകയാണ്.

കരുത്തരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യൻ വനിതകളുടെ ഫൈനൽ പ്രവേശം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ജയം. മൽസരം അവസാനിക്കാൻ എട്ട് മിനിറ്റുകൾ ബാക്കി നിൽക്കേ ഗുർജീത് കൗറാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. പെനൽറ്റി കോർണറിൽ നിന്നായിരുന്നന്നു ഇന്ത്യൻ ഗോൾ പിറന്നത്. ഹോക്കി ഉൾപ്പെടുത്തിയ 1982 ലെ ഡൽഹി ഗെയിംസിൽ മാത്രമാണ് ഇന്ത്യക്ക് സ്വർണം നേടാൻ കഴിഞ്ഞത്. പിന്നീടങ്ങോട്ട് ഇന്ത്യൻ പോരാട്ടം സെമിയിൽ അവസാനിക്കുകയായിരുന്നു.

മറ്റൊരു സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. ഫൈനൽ നാളെ നടക്കും.
അതേസമയം ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണ നേട്ടം പതിനൊന്നായി. ട്രിപ്പിൾ ജംപിൽ അർപീന്ദർ സിംഗ് സ്വർണം നേടിയതിനു പിന്നാലെയാണ് ഇന്ത്യയുടെ പതിനൊന്നാം സ്വർണ നേട്ടവും. ഹെപ്റ്റാത്തലണിൽ 21-കാരിയായ സ്വപ്ന ബർമനാണ് ഇന്ത്യയ്ക്ക് വേണ്ടി 11-ാം സ്വർണം സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമായാണ് ഹെപ്റ്റാത്തണിൽ ഇന്ത്യ സ്വർണം നേടുന്നത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 54 ആയി. 11 സ്വർണം, 20 വെള്ളി, 23 വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യയുടെ ജക്കാർത്തയിലെ മെഡൽ നേട്ടം.

Indian HockeyWomen Team
Comments (0)
Add Comment