
എയർ ഷോയിൽ വ്യോമാഭ്യാസം നടത്തുന്നതിനിടെ ഇന്ത്യയുടെ തേജസ് യുദ്ധ വിമാനം തകർന്നു വീണു. ആദ്യ റൗണ്ട് അഭ്യാസ പ്രകടനം പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെയാണ് അപകടം. അപകടത്തില്‍ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് വീരമൃത്യു വരിച്ചു.
ദുബായ് എയര്‍ ഷോയ്ക്കിടെയാണ് അപകടം ഉണ്ടായത്. വ്യേമാഭ്യാസ പ്രകടനങ്ങള്‍ക്കിടെ ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ദുബായ് അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനരികെയാണ് അപകടം സംഭവിച്ചത്.
അപകടത്തെ തുടര്‍ന്ന് ദുബായ് എയര്‍ ഷോ താത്കാലികമായി നിര്‍ത്തിവെച്ചു. കാഴ്ചക്കാര്‍ക്കായി തുറന്നിരുന്ന തേജസ് യുദ്ധവിമാനത്തിന്റെ പ്രദര്‍ശനവും ഇതോടെ റദ്ദാക്കി. വ്യോമാഭ്യാസം നടത്തിയ വിമാനത്തിന് പുറമെ കാഴ്ചക്കാര്‍ക്കായി ഗ്രൗണ്ടില്‍ മറ്റൊരു വിമാനം കൂടി ഉണ്ടായിരുന്നു. ഇന്ത്യന്‍ വ്യോമസേന അപകടം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, അപകടകാരണം എന്താണെന്ന് വ്യക്തമല്ല.
ഹിന്ദുസ്ഥാന്‍ ഡെവലപ്പ്മെന്റ് ഏജന്‍സിയും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും സംയുക്തമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം 2016-ലാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൈമാറിയത്. വിമാനം തമിഴ്‌നാട്ടിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്നാണ് യുഎഇയിലേക്ക് എത്തിച്ചത്.