അനുമതി ഇല്ലാതെ ചെക്ക്പോസ്റ്റുകളിലേക്ക് നീങ്ങരുത്, നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രം പ്രവര്‍ത്തിക്കുക; മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി

Jaihind Webdesk
Saturday, February 26, 2022

 

കീവ്: ഉക്രെയ്നില്‍ കുടുങ്ങിയ മലയാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി. അനുമതി ഇല്ലാതെ അതിർത്തി ചെക്ക്പോസ്റ്റുകളിലേക്ക് നീങ്ങരുതെന്ന് എംബസി നിർദേശിച്ചു. അതിര്‍ത്തിയിലെ ഇന്ത്യന്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാത്രമേ പ്രവര്‍ത്തിക്കാവൂ എന്ന് എംബസി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സുരക്ഷിത സ്ഥാനങ്ങളില്‍ ഉള്ളവര്‍ അവിടെ തന്നെ തുടരാനാണ് നിലവിലെ നിര്‍ദേശം. അതിര്‍ത്തിയിലെ സാഹചര്യം മനസിലാക്കി അധികൃതരുമായി ആലോചിച്ച് മാത്രമേ ചെക്ക്പോസ്റ്റുകളിലേക്ക് എത്തിച്ചേരാവൂ. കൃത്യമായ ഏകോപനം ഇല്ലാതെ പുറത്തിറങ്ങിയാല്‍ അത് ബുദ്ധിമുട്ട് സൃഷ്ടിക്കും. കിഴക്കന്‍ പ്രദേശത്ത് കുടുങ്ങിയവര്‍ അടുത്ത നിര്‍ദേശം ലഭിക്കുന്നതുവരെ അതത് സ്ഥാനങ്ങളില്‍ തുടരണം. എപ്പോഴും പരിസരങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും സുരക്ഷിതരായിരിക്കണമെന്നും എംബസി നിർദേശിക്കുന്നു.