ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച മന്ദഗതിയില്‍; 2024-25ല്‍ 6.5%, നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്

Jaihind News Bureau
Saturday, May 31, 2025

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ (2024-25) ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായി കുറഞ്ഞു. ഇതോടെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വാര്‍ഷിക വളര്‍ച്ചാ നിരക്ക് 6.5 ശതമാനമായി താഴ്ന്നു, ഇത് കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്. പ്രധാനമായും നിര്‍മ്മാണ മേഖലയിലെ പ്രകടനം മോശമായതാണ് ഇതിന് കാരണമെന്ന് വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം 330.68 ലക്ഷം കോടി രൂപയായി (ഏകദേശം 3.9 ട്രില്യണ്‍ ഡോളര്‍) ഉയര്‍ന്നു. ഇത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 5 ട്രില്യണ്‍ ഡോളര്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് വഴിയൊരുക്കുന്നു. മുന്‍ സാമ്പത്തിക വര്‍ഷമായ 2023-24ല്‍ സമ്പദ്വ്യവസ്ഥ 9.2 ശതമാനം വളര്‍ച്ച നേടിയിരുന്നു.
അതേസമയം, 2025ലെ ആദ്യ മൂന്ന് മാസങ്ങളില്‍ ചൈന 5.4 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 2025 ജനുവരി-മാര്‍ച്ച് പാദത്തില്‍ 7.4 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 ഒക്ടോബര്‍-ഡിസംബറില്‍ ഇത് 6.4 ശതമാനവും, 2024 ജൂലൈ-സെപ്റ്റംബറില്‍ 5.6 ശതമാനവും, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 6.5 ശതമാനവും ആയിരുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ജിഡിപി 8.4 ശതമാനം വളര്‍ച്ച നേടിയിരുന്നു. ഫെബ്രുവരിയില്‍ പുറത്തിറക്കിയ രണ്ടാം എസ്റ്റിമേറ്റില്‍, 2024-25ലെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായിരിക്കുമെന്ന് എന്‍എസ്ഒ പ്രവചിച്ചിരുന്നു.