ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു

Jaihind Webdesk
Monday, October 23, 2023


ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. 1967നും 1979 നും ഇടയില്‍ ഇന്ത്യയ്ക്കായി 67 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 266 വിക്കറ്റുകള്‍ നേടി. 10 ഏകദിന മത്സരങ്ങളില്‍നിന്ന് ഏഴു വിക്കറ്റുകളും സ്വന്തമാക്കി. ഇന്ത്യന്‍ സ്പിന്‍ ബോളിങ്ങില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന താരങ്ങളില്‍ ഈരപള്ളി പ്രസന്ന, ബി.എസ്. ചന്ദ്രശേഖര്‍, എസ്. വെങ്കടരാഘവന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന പേരാണ് ബിഷന്‍ സിങ് ബേദിയുടേത്. ഇന്ത്യയുടെ ആദ്യ ഏകദിന മത്സര വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത് ബേദിയുടെ ബോളിങ് മികവായിരുന്നു. 1975 ലെ ലോകകപ്പില്‍ ഈസ്റ്റ് ആഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇന്ത്യയുടെ വിജയം. അമൃത്‌സറില്‍ ജനിച്ച ബിഷന്‍ സിങ് ബേദി ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടിയാണു കളിച്ചത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ ഇന്ത്യന്‍ താരമാണ് ബേദി. 370 മത്സരങ്ങളില്‍നിന്നായി 1560 വിക്കറ്റുകള്‍ ബേദി നേടിയിട്ടുണ്ട്. ഡല്‍ഹിക്കു പുറമേ ഇംഗ്ലണ്ടിലെ കൗണ്ടി ക്രിക്കറ്റ് ടീം നോര്‍ത്താംപ്ടന്‍ ഷെയര്‍, നോര്‍ത്തേണ്‍ പഞ്ചാബ് ടീമുകള്‍ക്കു വേണ്ടിയും കളിച്ചിട്ടുണ്ട്. വിരമിച്ച ശേഷം പരിശീലകനായും മെന്ററായും ക്രിക്കറ്റില്‍ തുടര്‍ന്നു. കമന്റേറ്ററായും പ്രവര്‍ത്തിച്ചു. ബേദിയുടെ കീഴീല്‍ ഡല്‍ഹി രണ്ടു തവണ രഞ്ജി ട്രോഫി നേടിയിട്ടുണ്ട്. 1978-79 സീസണിലും 1979-80 സീസണുകളിലുമായിരുന്നു അത്.