ന്യൂഡല്‍ഹി : കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച് (ഐ.സി.എച്ച്.ആർ) സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ വാർഷികാഘോഷങ്ങളില്‍ നിന്നും മുന്‍ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി വി.ഡി. സവർക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം.
ഐസിഎച്ച്ആർ നടപടിക്കെതിരെ വി.ടി ബല്‍റാം ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തി. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ രാജ്യം ഭരിക്കുന്നതെന്ന് ബല്‍റാം ഫേസ്ബുക്ക് കുറിപ്പില്‍ വിമർശിച്ചു. ‘ഇന്ത്യാ ഗവൺമെൻ്റിൻ്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് ഈ ഐസിഎച്ച്ആർ.
ആസാദീ കേ അമൃത് മഹോത്സവ് എന്ന പേരിൽ സ്വാതന്ത്ര്യത്തിൻ്റെ 75 ആം വാർഷികാഘോഷങ്ങൾ നടത്തുകയാണത്രേ. അതിൻ്റെ ഭാഗമായി 8 പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിരിട്ടുണ്ട്.
അതിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റേയും മതനിരപേക്ഷ ജനാധിപത്യ രാഷ്ട്ര നിർമ്മാണ പ്രക്രിയയുടേയും സമാനതകളില്ലാത്ത നേതാവ് ജവാഹർലാൽ നെഹ്രു ഒഴിവാക്കപ്പെട്ടിരിക്കുന്നു, ഹിന്ദുരാഷ്ട്ര വാദിയായ മാപ്പപേക്ഷ വീരൻ വി.ഡി. സവർക്കർ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നു. ഇത്ര ലജ്ജയില്ലാത്തവരാണല്ലോ ഈ രാജ്യം ഭരിക്കുന്നത്!’-ബല്‍റാം കുറിച്ചു.