‘വെനസ്വേലയിലേക്കുള്ള യാത്ര ഒഴിവാക്കണം’: മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്

Jaihind News Bureau
Sunday, January 4, 2026

ന്യൂഡല്‍ഹി: വെനസ്വേലയില്‍ അമേരിക്ക നടത്തിയ അപ്രതീക്ഷിത സൈനിക നീക്കത്തിനും പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിനും പിന്നാലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.

രാജ്യത്ത് പ്രതിഷേധങ്ങളും സംഘര്‍ഷങ്ങളും രൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. നിലവില്‍ വെനസ്വേലയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും താമസസ്ഥലങ്ങളില്‍ തന്നെ തുടരണമെന്നും മുന്നറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ സഹായത്തിനായി കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.

അതീവ രഹസ്യമായാണ് അമേരിക്കന്‍ സൈന്യം വെനസ്വേലയില്‍ ഓപ്പറേഷന്‍ നടത്തിയത്. വെനസ്വേലന്‍ സൈന്യത്തെയും സുരക്ഷാ സംവിധാനങ്ങളെയും വെട്ടിച്ച്, പ്രത്യേക സൈനിക വിഭാഗമായ ‘ഡെല്‍റ്റ ഫോഴ്‌സ്’ ഔദ്യോഗിക വസതിയിലെ കിടപ്പുമുറിയില്‍ നിന്നാണ് മഡൂറോയെയും ഭാര്യയെയും പിടികൂടിയത്. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയില്‍ അമേരിക്കന്‍ സൈന്യം എങ്ങനെ നുഴഞ്ഞുകയറി എന്നത് ഇപ്പോഴും അവ്യക്തമാണ്.

അതേസമയം വെനസ്വേലയുടെ സഖ്യകക്ഷികളായ റഷ്യയും ചൈനയും അമേരിക്കന്‍ നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, സംഭവത്തില്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി രാഷ്ട്രീയ പ്രതികരണം നടത്തിയിട്ടില്ല. വെനസ്വേലയിലുള്ള ഇന്ത്യക്കാര്‍ക്ക് അടിയന്തര സഹായത്തിനായി കാരക്കാസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.