ചൈനയുമായുള്ള നിയന്ത്രണരേഖയില്‍ ഇന്ത്യയുടെ സൈനിക വിന്യാസം : അത്യാധുനിക ആയുധങ്ങളും കൂടാരങ്ങളും അണിനിരക്കുന്നു

Jaihind Webdesk
Sunday, August 8, 2021

ന്യൂഡൽഹി : കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ–ചൈന സൈനിക ചര്‍ച്ചയില്‍ കിഴക്കന്‍ ലഡാക്കിലെ ഗോഗ്രയില്‍നിന്ന് ഇരു വിഭാഗവും പിന്‍മാറിയെങ്കിലും യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള മറ്റു പ്രദേശങ്ങളില്‍ സൈനിക വിന്യാസം ശക്തിപ്പെടുത്തി ഇന്ത്യ. അത്യാധുനിക ആയുധങ്ങള്‍ സഹിതമാണ് സൈനികരെ വിന്യസിച്ചിരിക്കുന്നത്. ഏത് കാലാവസ്ഥയിലും സൈനികര്‍ക്ക് താമസിക്കുന്ന കൂടാരങ്ങളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

നേരത്തേ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലാണ് ഇന്ത്യന്‍ സൈന്യം നിലകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ ചൈനയുമായുള്ള അതിര്‍ത്തിയിലും കാര്യങ്ങള്‍ അത്ര സുഖകരമല്ല. ഏത് നിമിഷവും ചൈനീസ് കടന്നുകയറ്റം പ്രതീക്ഷിച്ച് ജാഗരൂകരായി നിലകൊള്ളുകയാണ് സൈനികര്‍. അടിച്ചാല്‍ തിരിച്ചടി എന്നുതന്നെയാണ് ചൈനയോടുള്ള ഇന്ത്യന്‍ സമീപനം.

അതിര്‍ത്തിയ്ക്കപ്പുറത്ത് ചൈനീസ് സൈന്യം ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഏത് വെല്ലുവിളിയും നേരിടാന്‍ സജ്ജമാവുകയാണ് സൈന്യം. ലഡാക്കില്‍ യഥാര്‍ഥ നിയന്ത്രണ രേഖയ്ക്ക് സമീപം നയോമയില്‍ സൈന്യത്തെ വിന്യസിച്ചുകഴിഞ്ഞു. ഇവരുടെ താമസത്തിനും ആധുനിക സൗകര്യമൊരുക്കിയിട്ടുണ്ട്. വളരെ പെട്ടെന്ന് നിര്‍മിക്കാവുന്ന ഫാസ്റ്റ് ഇറക്ടബിള്‍ മോഡുലാര്‍ ഷെല്‍ട്ടറുകളാണ് സൈനികര്‍ക്ക് താമസിക്കാന്‍ തയാറാക്കികൊണ്ടിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇവ നിര്‍മിക്കാം. 8 മുതല്‍ 40 വരെ ട്രൂപ്പുകളെ താമസിപ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. മൈനസ് 35–40 ഡിഗ്രിയിലും സൈനികര്‍ക്ക് ഈ ഷെല്‍ട്ടറുകളിൽ കഴിയാം. ശൈത്യകാലത്ത് സൈനികര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് പരിഹരിക്കാനും ഇതിലൂടെ സാധിക്കും.

അത്യാധുനിക ആയുധങ്ങളാണ് ഇവിടെ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് നല്‍കിയിട്ടുള്ളത്. യുഎസ് സിഗ് സോര്‍ അസാള്‍ട്ട് റൈഫിളുകളുമേന്തിയാണ് സൈനികര്‍ ഇവിടെ കാവല്‍ നില്‍ക്കുന്നത്. സ്വിസ് എംപി 9 പിസ്റ്റളുകളും സൈനികര്‍ക്ക് കരുത്തേകുന്നു. ലഡാക്കില്‍ ചൈനീസ് പ്രകോപനം കൂടിയതോടെയാണ് കൂടുതല്‍ യുഎസ് സിഗ് സോറിന് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. 1.5 ലക്ഷം യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുക.