ഒടുവില്‍ രാഹുല്‍ഗാന്ധിയുടെ ആവശ്യത്തില്‍ നടപടി; തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങി 15 ദിവസത്തിന് ശേഷം മേഘാലയയിലേക്ക് വ്യോമസേന പറന്നു

ന്യൂദല്‍ഹി: ഡിസംബര്‍ 13 മുതല്‍ മേഘാലയയിലെ ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് വേണ്ടിയുളള തിരച്ചിലിന് വേഗം കൂട്ടാനായി ഇന്ത്യന്‍ വ്യോമസേന അപകട സ്ഥലത്തേക്ക് തിരിച്ചു. ഉയര്‍ന്ന ശക്തിയുളള പമ്പുകളുമായി ഒഡിഷയില്‍ നിന്ന് വ്യാമസേനയുടെ ലോക്ഹീഡ് മാര്‍ട്ടിന്‍ സി-130ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് വിമാനം പറന്നുയര്‍ന്ന്. കേന്ദ്ര ദുരന്ത നിവാരണ സേനാംഗങ്ങളും കൂടെയുണ്ടായിരുന്നു. ഒഡിഷ അഗ്‌നിശമന സേനാ വിഭാഗവും കൂടെയുണ്ട്. എന്നാല്‍ ഇത്ര ദിവസമായിട്ടും ഫലപ്രദമായ രീതിയില്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മേഘാലയയിലെ അവസ്ഥ മനസ്സിലാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

’15 ഖനിത്തൊഴിലാളികള്‍ കല്‍ക്കരി ഖനിയില്‍ ശ്വാസം കിട്ടാതെ രണ്ടാഴ്ചയായി കഴിയുകയാണ്. അതേസമയം, പ്രധാനമന്ത്രി ബോഗിബീല്‍ പാലത്തില്‍ തലയുയര്‍ത്തി സെല്‍ഫിക്ക് പോസ് ചെയ്യുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ശക്തിയേറിയ പമ്പ് നല്‍കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. ദയവ് ചെയ്ത് പ്രധാനമന്ത്രി അവരെ രക്ഷിക്കണം,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ബോഗിബീലിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രധാനമന്ത്രി വാര്‍ത്തകളില്‍ നിറഞ്ഞത് സൂചിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന.

ഗുവാഹത്തിയില്‍ ഇറങ്ങുന്ന വിമാനത്തില്‍ നിന്നും പമ്പ് ജൈന്റിയ മലനിരകളിലെത്തിച്ച് ഖനിയിലെ വെളളം പുറത്തേക്ക് കളയും. ദേശീയ ദുരന്ത നിവാരണ മാനേജ്‌മെന്റ് അതോറിറ്റിയുടെ അപേക്ഷയെ തുടര്‍ന്നാണ് വ്യോമസേന സ്ഥലത്തേക്ക് പുറപ്പെട്ടത്. പ്രധാനമായും 20 പമ്പുകള്‍ ഉപയോഗിച്ച് വെളളം പുറത്തേക്ക് കളയാനും രക്ഷാപ്രവര്‍ത്തകരെ എയര്‍ലിഫ്റ്റ് ചെയ്യാനും ആണ് വ്യോമസേന ശ്രമിക്കുക.
എലിമാളം പോലെ വഴികളുളള ഖനിയില്‍ വെളളം കയറി 15 പേരാണ് കുടുങ്ങിയിരുന്നത്. എന്നാല്‍ ഖനിയില്‍ 17 പേര്‍ ഉണ്ടെന്ന് രക്ഷപ്പെട്ട ഒരു തൊഴിലാളി വ്യക്തമാക്കിയിരുന്നു. വെളളം പുറത്തേക്ക് കളയാന്‍ സഹായകമായ ഉപകരണം ഇല്ലാത്തതാണ് രക്ഷാപ്രവര്‍ത്തകരെ കുഴക്കുന്നത്.

100 കുതിരശക്തിയുളള പമ്പ് ഉപയോഗിച്ച് മാത്രമാണ് ഖനിയിലെ വെളളം പുറത്തേക്ക് കളയാനാവുക. എന്നാല്‍ പമ്പ് ഇതുവരെയും ലഭ്യമായിട്ടില്ല. മേഘാലയ സര്‍ക്കാരിന്റെ കൈവശം ഇത്രയും ശക്തിയുളള പമ്പ് ഇല്ല. 25 കുതിര ശക്തിയുളള പമ്പ് ഉപയോഗിച്ചാണ് നേരത്തേ രക്ഷാപ്രവര്‍ത്തനം നടത്തിയത്. എന്നാല്‍ ഇത് ഫലപ്രദമാകാതെ വന്നതോടെ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി.

rahul gandhimeghalayaairforce
Comments (0)
Add Comment