
അടുത്ത മാസം ഇന്ത്യയിലും ശ്രീലങ്കയിലുമായി ആരംഭിക്കുന്ന ടി20 ലോകകപ്പിന് മുന്‍പ് ഇന്ത്യന്‍ ടീമിനെ പരിക്ക് വേട്ടയാടുന്നു. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റ സ്പിന്‍ ഓള്‍ റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ ലോകകപ്പില്‍ കളിക്കുന്ന കാര്യം ഏറെക്കുറെ അസാധ്യമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പരിക്കില്‍ നിന്ന് പൂര്‍ണ്ണ കായികക്ഷമത വീണ്ടെടുക്കാന്‍ സുന്ദറിന് മാസങ്ങള്‍ വേണ്ടിവരുമെന്നതിനാല്‍ ബിസിസിഐ പകരക്കാരനെ തേടിത്തുടങ്ങിയിട്ടുണ്ട്. ഏകദിന പരമ്പരയില്‍ യുവതാരം ആയുഷ് ബദോനിയെ പകരക്കാരനായി എത്തിച്ചെങ്കിലും ടി20 ഫോര്‍മാറ്റില്‍ സെലക്ടര്‍മാര്‍ ആരെ പരിഗണിക്കുമെന്നത് വ്യക്തതയില്ല.
അതേസമയം വിജയ് ഹസാരെ ട്രോഫിക്കിടെ പരിക്കേറ്റ തിലക് വര്‍മ്മയുടെ പങ്കാളിത്തവും നിലവില്‍ ആശങ്കയിലാണ്. ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ തിലകിനെ മാറ്റിവെച്ചാലും സൂപ്പര്‍ 8 മത്സരങ്ങളിലെങ്കിലും കളിപ്പിക്കാന്‍ സാധിക്കുമോ എന്നാണ് സെലക്ടര്‍മാര്‍ നിലവില്‍ ആലോചിക്കുന്നത്. ഐസിസി നിയമപ്രകാരം ഈ മാസം 31 വരെ പ്രത്യേക അനുമതിയില്ലാതെ ടീമില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും. മുംബൈയില്‍ അമേരിക്കയ്‌ക്കെതിരെയാണ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം.