തൃഷയുടെ മികവില്‍ അണ്ടര്‍ 19 വനിതാ ലോകകപ്പ് സ്വന്തമാക്കി ഇന്ത്യ

Jaihind News Bureau
Sunday, February 2, 2025

അണ്ടർ 19 വനിതാ ടി 20 ലോകകപ്പ് സ്യന്തമാക്കി ടീം ഇന്ത്യ. ഇന്ന് ദക്ഷിണാഫ്രിക്കയെ ഒമ്പത് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചരിത്രം സൃഷ്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 83 റൺസ് നേടിയപ്പോള്‍ 11.2 ഓവറില്‍ ഇന്ത്യ ആ ലക്ഷ്യം മറികടന്നു. ഓപ്പണർ ഗോങ്കടി തൃഷയുടെ മികവിലാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. പുറത്താവാതെ 44 റൺസാണ് ഇന്ത്യയുടെ പുതിയ താരോദയമായ തൃഷ തേടിയത്. ഇതോടെ ടൂർണമെന്‍റിലെ മിന്നും താരമായി തൃഷ മാറി.

ലോകകപ്പിലെ ഏഴ് മത്സരങ്ങളിൽ നിന്നും 309 റൺസും ഏഴ് വിക്കറ്റുമാണ് പത്തൊമ്പതുകാരിയായ താരം ടൂർണമെന്‍റിൽ സ്വന്തമാക്കിയത്.  77.25 ശരാശരിയിലും 147.14 സ്ട്രൈക്ക് റേറ്റിലുമായിരുന്നു താരത്തിന്‍റെ അസാമാന്യ ബാറ്റിംഗ്. സ്‌കോട്ട്‌ലൻഡിനെതിരായ മത്സരത്തിൽ ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ തന്നെ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്റ്‌സറെന്ന നേട്ടവും തൃഷ ഇതോടെ സ്വന്തമാക്കിയിരിക്കുകയാണ്. 59 പന്തിൽ 13 ബൗണ്ടറികളും നാല് സിക്‌സറുകളും ഉൾപ്പെടെ 110 റൺസാണ് താരം നേടിയത്. സ്കോട്ട്ലൻഡിനെതിരെ മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി. തൃഷ ബാറ്റിംഗിലും ബോളിംഗിലും തിളങ്ങിയതോടെ 150 റൺസിന്  വിജയിച്ച്  ഇന്ത്യ സെമി ഉറപ്പിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി  36 റണ്‍സ് ചേര്‍ത്ത ശേഷം കമാലിനി  ആദ്യം ഔട്ടായി. എന്നാല്‍ ആദ്യ വിക്കറ്റ് നഷ്ടമൊന്നും ഇന്ത്യയുടെ വിജയത്തെ ഒട്ടും തന്നെ ബാധിച്ചില്ല. തൃഷ – ചാല്‍കെ കൂട്ടുകെട്ടില്‍ ടീം അനായാസം വിജയം കണ്ടു. ഇരുവരും 48 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എട്ട് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു തൃഷയുടെ ഇന്നത്തെ ഇന്നിംഗ്‌സ്. ചാല്‍ക്കെ നാല് ബൗണ്ടറികള്‍ നേടി ടീമിന് കരുത്ത് കൂട്ടി.  ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ കരുത്തില്‍ പിടിച്ചുകെട്ടുകയായിരുന്നു. നിശ്ചിത ഓവറില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ എല്ലാം തന്നെ  പുറത്തായി.