ASIA CUP 2025| ഏഷ്യാ കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; യുഎഇയെ തോല്‍പ്പിച്ചത് 9 വിക്കറ്റിന്

Jaihind News Bureau
Thursday, September 11, 2025

ദുബായ്: ഏഷ്യാ കപ്പ് 2025-ലെ ആദ്യ മത്സരത്തില്‍ യുഎഇയെ 9 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ബോളര്‍മാരുടെ മികച്ച പ്രകടനമാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 13.1 ഓവറില്‍ വെറും 57 റണ്‍സിന് ഓള്‍ ഔട്ടാക്കിയ ഇന്ത്യ, 27 പന്തില്‍ 60 റണ്‍സ് നേടി ലക്ഷ്യം മറികടന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇക്ക് ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ പിടിച്ചുനില്‍ക്കാനായില്ല. സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും ശിവം ദുബെയുമാണ് യുഎഇ ബാറ്റിങ് നിരയെ തകര്‍ത്തത്. നാല് വിക്കറ്റെടുത്ത കുല്‍ദീപ് യാദവ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ശിവം ദുബെ മികച്ച പിന്തുണ നല്‍കി. ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

26 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് നഷ്ടമായ യുഎഇ പിന്നീട് കൂട്ടത്തകര്‍ച്ച നേരിട്ടു. ക്യാപ്റ്റന്‍ മുഹമ്മദ് വസീം (19), അലിഷാന്‍ ഷറഫുദ്ദീന്‍ (12), മുഹമ്മദ് ഷൊഹൈബ് (2), ഹര്‍ഷിത് കൗശിക് (2), ആസിഫ് ഖാന്‍ (2), സിമ്രാന്‍ജീത് സിംഗ് (1), ധ്രുവ് പരശര്‍ (1), ജുനൈദ് (0), ഹൈദര്‍ അലി (1) എന്നിങ്ങനെയാണ് യുഎഇ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മയും ശുഭ്മാന്‍ ഗില്ലും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. 16 പന്തില്‍ 30 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയും 9 പന്തില്‍ 20 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വേഗത്തില്‍ റണ്‍സ് ഉയര്‍ത്തി. സൂര്യകുമാര്‍ യാദവ് 2 പന്തില്‍ 7 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കി.

പ്ലേയിങ് ഇലവന്‍

ഇന്ത്യ: അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി

യുഎഇ: മുഹമ്മദ് വസീം (ക്യാപ്റ്റന്‍), അലിഷാന്‍ ഷറഫു, മുഹമ്മദ് സൊഹൈബ്, രാഹുല്‍ ചോപ്ര (വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാന്‍, ഹര്‍ഷിത് കൗശിക്, ഹൈദര്‍ അലി, ധ്രുവ് പരാശര്‍, മുഹമ്മദ് രോഹിത് ഖാന്‍, ജുനൈദ് സിദ്ദിഖ്, സിമ്രന്‍ജീത് സിങ്