ഇന്ത്യ-വിൻഡീസ് ട്വന്‍റി20 പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കം; രണ്ടാം മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തില്‍

Jaihind News Bureau
Thursday, December 5, 2019

ഇന്ത്യ-വിൻഡീസ് ട്വന്‍റി20 പരമ്പരയ്ക്ക് നാളെ ഹൈദരാബാദിൽ തുടക്കമാവും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ്. ഞായറാഴ്ച നടക്കുന്ന മത്സരത്തിനായി ഗ്രൗണ്ട് സജ്ജമാണെന്ന് അധികൃതർ അറിയിച്ചു.

ഹൈദരാബാദിൽ നാളെ വൈകിട്ട് ഒന്നാം ട്വന്‍റി20. ഹൈദരാബാദിലെത്തിയ ടീം പരിശീലനത്തിന് കൂടുതൽ സമയം കണ്ടെത്തുകയാണ് . രണ്ടു വർഷങ്ങൾക്കു ശേഷമാണു ഹൈദരാബാദിൽ ട്വന്‍റി20 മത്സരത്തിനു വേദിയാകുന്നത്. ഓസ്ട്രേലിയയും ഇന്ത്യയും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു.

അതേസമയം ഞാഴറാഴ്ച നടക്കുന്ന മത്സരത്തിനായി കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം തയ്യാറായി കഴിഞ്ഞു. സ്റ്റേഡിയവും ഗ്രൗണ്ടും സജ്ജം. ശേഷിക്കുന്നത് അവസാന മിനുക്കു പണികൾ. 85 ശതമാനത്തോളം ടിക്കറ്റുകൾ ഇതിനോടകം വിറ്റഴിഞ്ഞു. ബാറ്റ്സ്മാന്മാർക്ക് മുൻഗണന നൽകുന്ന രീതിയിലാണ് പിച്ച് ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ റണ്ണൊഴുക്ക് ഉണ്ടാകുമെന്ന് കരുതാം. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ആകെ ഒമ്ബത് പിച്ചുകളാണുള്ളത്. ഇതിൽ മധ്യഭാഗത്തുള്ള രണ്ടെണ്ണമാണ് കളിക്ക് തയ്യാറാക്കിയത്.