2025 ഏഷ്യാ കപ്പില്‍ ഇന്ത്യ കളിക്കില്ലെന്ന് സൂചന. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനെ തീരുമാനം അറിയിച്ചെന്നാണ് വിവരം.പാകിസ്ഥാൻ ക്രിക്കറ്റിനെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി. പാകിസ്ഥാനുമായി വര്‍ദ്ധിച്ചു വരുന്ന സൈനിക സംഘര്‍ഷങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനം. ഈ വര്‍ഷം ഇന്ത്യയും ശ്രീലങ്കയും ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കേണ്ടതായിരുന്നു. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കാനിരുന്ന വനിതാ എമേര്‍ജിംഗ് ടീമുകളുടെ ഏഷ്യാ കപ്പും ഇതേ തുടര്‍ന്ന് റദ്ദാക്കി.
ഇന്ത്യയുടെ പിന്മാറ്റം ഈ വര്‍ഷത്തെ ഏഷ്യാ കപ്പിന്റെ ഭാവിയെ ഗുരുതരമായി ബാധിക്കും. ടൂര്‍ണമെന്റിന്റെ സാമ്പത്തിക പിന്തുണയുടെ വലിയൊരു ഭാഗം ഇന്ത്യന്‍ സ്പോണ്സര്മാരില് നിന്നും പ്രക്ഷേപകരില്‍ നിന്നുമാണ്. എട്ട് വര്‍ഷത്തേക്ക് 170 മില്യണ്‍ യുഎസ് ഡോളറിന് സോണി പിക്ചേഴ്സ് നെറ്റ്വര്‍ക്ക്സ് ഇന്ത്യ (എസ്പിഎന്‍ഐ) 2024 ല്‍ ഏഷ്യാ കപ്പ് ഇവന്റുകളുടെ മാധ്യമ അവകാശങ്ങള്‍ സ്വന്തമാക്കിയിരുന്നു.