രാജ്യം കാത്തിരിക്കുന്നു… ആകാംക്ഷയോടെ… പ്രിയങ്കയുടെ സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയാന്‍…

Jaihind Webdesk
Monday, April 22, 2019

പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ ചൊല്ലിയുള്ള ആകാംക്ഷയിലാണ് രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരാണസിയിൽ പ്രിയങ്ക മത്സരിച്ചാൽ, പൊതുവിധിയെക്കാൾ ഏവരും ഉറ്റുനോക്കുന്ന മത്സരത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

ചുരുങ്ങിയ കാലം കൊണ്ട് രാജ്യത്തെ പ്രിയങ്കരിയാവാൻ പ്രിയങ്ക ഗാന്ധിക്ക് കഴിഞ്ഞു എന്നതാണ് വസ്തുത. പ്രിയങ്കയുടെ വരവ് കൊണ്ട് കോൺഗ്രസിന്‍റെ യുപി ഘടകത്തിലെ മുന്നേറ്റവും ഇതിനുദ്ദാഹരണം. സാമുദായിക, പ്രതിപക്ഷ പിന്തുണ സമാഹരിക്കുന്നതു മുതൽ, മണ്ഡലത്തിലെ വികസന കാര്യങ്ങളിലെ ജനവികാരവും പ്രിയങ്കയുടെ ഗംഗാപ്രയാണത്തിനു ലഭിച്ച സ്വീകാര്യതയും വരെ വിജയഘടകമായി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനം ഒന്നടങ്കം മോദി വിരുദ്ധമായി മാറിയതും പ്രിയങ്കയ്ക്ക് മേൽ ജനസമ്മിതി ഏറുന്നു.

റിങ് റോഡ് പദ്ധതിയ്ക്കായി കർഷകരിൽനിന്നു വാങ്ങിയ ഭൂമിക്ക് അർഹിച്ച വില നൽകിയില്ല, മണ്ഡലത്തിലെ നിർമാണ പ്രവർത്തനങ്ങൾ ഗുജറാത്തിൽനിന്നുള്ള കരാറുകാർക്കു നൽകി, വാരാണസി ഇടനാഴിയുടെ പേരിൽ പൈതൃക കെട്ടിടങ്ങൾ ഇടിച്ചുനിരത്തി തുടങ്ങിയ ആക്ഷേപങ്ങൾ മോദിക്കെതിരെയുണ്ടെന്നു നേതൃത്വം ചൂണ്ടിക്കാട്ടുന്നു.

മണ്ഡലത്തിലെ കന്നിവോട്ടർമാരുടെയും സ്ത്രീ വോട്ടർമാരുടെയും പ്രധാന്യം പ്രിയങ്കയ്ക്കു ഗുണം ചെയ്യുമെന്നതാണു മറ്റൊന്ന്. സമാജ്വാദി പാർട്ടിക്കു സ്വാധീനമുള്ള ഒന്നരലക്ഷം യാദവ വോട്ടുകൾ, ബിഎസ്പിക്കൊപ്പമുള്ള 80,000ത്തോളം ദളിത് വോട്ടർമാർ, 3 ലക്ഷത്തോളമുള്ള മുസ്ലിം വിഭാഗം എന്നിവർ നിർണായകമാവും. കോൺഗ്രസിന്റെ പരമ്പരാഗത വോട്ടുകൾ പ്രിയങ്കയിലുടെ തിരികെലഭിക്കുമെന്ന ആത്മവിശ്വാസവും നേതൃത്വത്തിനുണ്ട്.. പൊതു സ്ഥാനാർഥിയെന്ന നിലയിലും പ്രിയങ്ക സ്വീകാര്യയാണ്.

പ്രിയങ്കയുടെ സ്ഥാനാർഥിത്വം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തള്ളിയിട്ടില്ല. കോൺഗ്രസ് അധ്യക്ഷൻ തീരുമാനിച്ചാൽ മത്സരിക്കാൻ തയാറാണെന്ന് പ്രിയങ്കയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 29 നാണ് ഇവിടെ നാമനിർദേശപത്രിക നൽകാനുള്ള അവസാന തിയതി. രാഹുൽ ഗാന്ധി സൂചിപ്പിക്കും പോലെ വാരണസിയിലെ കോൺഗ്രസ് സ്ഥാനാർഥി സസ്പൻസായി ഇരിക്കട്ടെ. ആകാംശയോടെയാണ് ഇന്ത്യൻ രാഷ്ട്രിയം ഇവിടുത്തെ കോൺഗ്രസ് സ്ഥാനാർഥിയെ കാത്തിരിക്കുന്നത്.