ഓപ്പണറായി സഞ്ജുവിന്റെ മിന്നും തുടക്കം; വരുണ്‍ ചക്രവര്‍ത്തിയുടെ നാല് വിക്കറ്റ് മാജിക്; ടി20 പരമ്പര ഇന്ത്യക്ക്; ദക്ഷിണാഫ്രിക്കയെ തകര്‍ത്തത് 30 റണ്‍സിന്

Jaihind News Bureau
Saturday, December 20, 2025

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ 30 റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഇതോടെ പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. ബാറ്റിംഗില്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും തിലക് വര്‍മ്മയുടെയും വെടിക്കെട്ടും, ബൗളിംഗില്‍ വരുണ്‍ ചക്രവര്‍ത്തിയുടെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. അതേസമയം പരിക്കേറ്റ ഗില്ലിന് പകരം ഓപ്പണറായി എത്തിയ മലയാളി താരം സഞ്ജു സാംസണും മികച്ച പ്രടനം കാഴ്ചവെച്ചു.

ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചുകൂട്ടിയത് 231 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ്. സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. പരിക്കേറ്റ ശുഭ്മന്‍ ഗില്ലിന് പകരം ലഭിച്ച അവസരം സഞ്ജു മനോഹരമായി വിനിയോഗിച്ചു. 22 പന്തില്‍ 37 റണ്‍സുമായി സഞ്ജുവും, 34 റണ്‍സുമായി അഭിഷേകും കളം നിറഞ്ഞപ്പോള്‍ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് കുതിച്ചു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അഞ്ച് റണ്‍സിന് പുറത്തായെങ്കിലും പിന്നീട് കണ്ടത് ഹാര്‍ദിക് പാണ്ഡ്യയുടെയും തിലക് വര്‍മ്മയുടെയും ബാറ്റിംഗ് വിരുന്നാണ്. വെറും 16 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച പാണ്ഡ്യ 25 പന്തില്‍ 63 റണ്‍സുമായി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നിലംപരിശാക്കി. ഒരറ്റത്ത് ഉറച്ചുനിന്ന തിലക് വര്‍മ്മ 42 പന്തില്‍ 73 റണ്‍സ് നേടി ഇന്ത്യയുടെ ടോപ്പ് സ്‌കോററായി. അവസാന നിമിഷം ശിവം ദുബെയും കൂടി തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 230 കടന്നു

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയെ ക്വിന്റന്‍ ഡി കോക്ക് മുന്നില്‍ നിന്ന് നയിച്ചു. 35 പന്തില്‍ 65 റണ്‍സുമായി ഡി കോക്ക് ആഞ്ഞടിച്ചപ്പോള്‍ ഇന്ത്യ ഒന്ന് പതറിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ കളി തിരിച്ചുപിടിച്ചു. ഡെവാള്‍ഡ് ബ്രവിസും ലിന്‍ഡെയും പൊരുതി നോക്കിയെങ്കിലും ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല.

ബൗളിംഗില്‍ മിന്നും പ്രകടനവുമായി വരുണ്‍ ചക്രവര്‍ത്തി വീണ്ടും തിളങ്ങി. നാല് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. കൃത്യതയാര്‍ന്ന യോര്‍ക്കറുകളുമായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിങ്ങും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റും വീഴ്ത്തി വിജയം ഉറപ്പിച്ചു. നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചുള്ളൂ.