
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള അഞ്ച് മത്സരങ്ങളടങ്ങിയ ടി20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് കട്ടക്കില്‍ തുടക്കമാകും. വൈകിട്ട് ഏഴുമണിക്കാണ് ആദ്യ മത്സരം ആരംഭിക്കുക. ലോകകപ്പ് ഫൈനലിന് ശേഷം വ്യത്യസ്ത പ്രകടനം കാഴ്ചവെച്ച രണ്ട് ടീമുകളാണ് വീണ്ടും ഏറ്റുമുട്ടുന്നത് എന്ന പ്രത്യേകതയും ഈ പരമ്പരക്കുണ്ട്.
ലോകകപ്പ് നേടിയതിന് ശേഷം ഇന്ത്യ മികച്ച ഫോമിലാണ് തുടരുന്നത്. അവസാന 30 മത്സരങ്ങളില്‍ 26-ലും വിജയിക്കാന്‍ ടീമിന് കഴിഞ്ഞു. എന്നാല്‍ മറുവശത്ത്, ദക്ഷിണാഫ്രിക്ക അവസാന 25 മത്സരങ്ങളില്‍ 16 തോല്‍വി വഴങ്ങിയപ്പോള്‍ 9 വിജയം മാത്രമാണ് നേടിയത്. അടുത്ത ലോകകപ്പിന് ഇനി രണ്ട് മാസങ്ങള്‍ മാത്രം ബാക്കിയുള്ളതിനാല്‍, ടീമിലെ പിഴവുകള്‍ തിരുത്തുക എന്നതാകും ഇരു ടീമുകളുടെയും പ്രധാന ലക്ഷ്യം.
പരിക്കുകളില്‍ നിന്ന് മുക്തി നേടിയ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയും ഓപ്പണര്‍ ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ നിരയിലേക്ക് തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ ഗില്‍ കളിക്കുമോ എന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ആകാംഷ നിലനില്‍ക്കുന്നത് വിക്കറ്റ് കീപ്പര്‍ സ്ഥാനത്താണ്. സഞ്ജു സാംസണ്‍ ടീമില്‍ തിരിച്ചെത്തുമ്പോള്‍, ഓസ്ട്രേലിയന്‍ പരമ്പരയിലെ അവസാന മത്സരങ്ങളില്‍ അവസരം ലഭിച്ച ജിതേഷ് ശര്‍മ്മയെ ആകുമോ ടീം മാനേജ്മെന്റ് പരിഗണിക്കുക എന്നറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ജസ്പ്രീത് ബുംറയുടെ വേഗത്തോടൊപ്പം, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍ എന്നിവരടങ്ങുന്ന സ്പിന്‍ ത്രയമാണ് ഇന്ത്യയുടെ പ്രധാന ആയുധം.
ഡെവാള്‍ഡ് ബ്രെവിസിന്റെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷകള്‍. കൂടാതെ, ക്യാപ്റ്റന്‍ മാര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക്, മില്ലര്‍, സ്റ്റബ്സ് എന്നിവരുടെ പ്രകടനവും നിര്‍ണായകമാകും. മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാല്‍, ടോസ് നേടുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്നും വിലയിരുത്തപ്പെടുന്നു.