ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന് ഈഡൻ പാർക്കിൽ

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടി20 മത്സരം ഇന്ന് ഈഡൻ പാർക്കിൽ. ജയിച്ചാൽ ന്യൂസിലൻഡിൽ ടി20 ജയിക്കുന്ന ആദ്യ ഇന്ത്യൻ നായകനെന്ന ചരിത്രം രോഹിത്തിന് സ്വന്തം. രാവിലെ 11.30 ന് ആണ് മത്സരം.

ആദ്യ മത്സരത്തിലെ കനത്ത തോൽവിയുടെ ആഘാതം ഇന്ത്യ എങ്ങനെ മറികടക്കുമെന്നാണ് ആരാധകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. വെല്ലിംഗ്ടണിൽ ആദ്യ മത്സരത്തിൽ ടോസിലൊഴികെ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. ബാറ്റിംഗിലും ബൗളിഗിലും ഫീൽഡിംഗിലും ഇന്ത്യ പരാജയപ്പെട്ടു . സീഫർട്ടിന്റെ വെടിക്കെട്ടാണ് ആദ്യ മത്സരത്തിൽ ഇന്ത്യയുടെ കണക്കുക്കൂട്ടൽ തെറ്റിച്ചത്. ഖലീൽ അഹമ്മദിനൊപ്പം ഭുവനേശ്വർകുമാറും നിറം മങ്ങിയപ്പോൾ ന്യൂസിലൻഡ് പവർ പ്ലേ ഓവറുകളിൽ കൂറ്റനടി പുറത്തെടുത്തു. അതുകൊണ്ടുതന്നെ രണ്ടാം മത്സരത്തിൽ ഖലീൽ അഹമ്മദിന് പകരം മുഹമ്മദ് സിറാജോ സിദ്ധാർഥ് കൗളോ അന്തിമ ഇലവനിൽ ഇടം നേടിയേക്കും. ന്യൂസിലൻഡ് ഉയർത്തിയ വലിയ വിജയലക്ഷ്യത്തിന് മുന്നിൽ പൊരുതി നിൽക്കാൻ പോലും കഴിയാതെയാണ് ഇന്ത്യ ആദ്യ മത്സരം തോറ്റത്. അതിനാൽ ബാറ്റിംഗിലും കാര്യമായ അഴിച്ചുപണിക്കുളള സാധ്യതയുണ്ട്. ലോകകപ്പ് ടീമിൽ ഇടം നേടാൻ മത്സരിക്കുന്ന ദിനേശ് കാർത്തിക്, ഋഷഭ് പന്ത് എന്നിവർക്കും മത്സരം നിർണായകമാണ്. മൂന്നാം നമ്പറിൽ വിജയ് ശങ്കറിന് വീണ്ടും അവസരം ലഭിക്കുമോ എന്നും ഇന്നറിയാം.

India vs Newzealand
Comments (0)
Add Comment