
ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ പോരാട്ടത്തില്‍ കിവീസ് ഉയര്‍ത്തിയ 338 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാനാകാതെ ഇന്ത്യ 46 ഓവറില്‍ പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 ന് ന്യൂസിലന്‍ഡ് സ്വന്തമാക്കി. കിവീസിന്റെ ഇന്ത്യയിലെ ആദ്യ പരമ്പര ജയം കൂടിയാണിത്.
തുടക്കത്തില്‍ തന്നെ മുന്‍നിര തകര്‍ന്ന ഇന്ത്യയെ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മത്സരത്തില്‍ നിലനിര്‍ത്തിയത്. 108 പന്തുകള്‍ നേരിട്ട താരം 124 റണ്‍സ് നേടി. നിതീഷ് കുമാര്‍ റെഡ്ഡിയും ഹര്‍ഷിത് റാണയും അര്‍ധസെഞ്ചുറികളുമായി പൊരുതിയത് വിജയപ്രതീക്ഷ നല്‍കിയെങ്കിലും ലക്ഷ്യത്തിന് തൊട്ടരികില്‍ ഇന്ത്യ വീഴുകയായിരുന്നു. നാലാം ഓവറില്‍ തന്നെ രോഹിത് ശര്‍മ്മയെ (11) നഷ്ടമായ ഇന്ത്യക്ക് പിന്നീട് തുടര്‍ച്ചയായി പ്രഹരങ്ങളേറ്റു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (23), ശ്രേയസ് അയ്യര്‍ (3), കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറിക്കാരന്‍ കെ.എല്‍ രാഹുല്‍ (9) എന്നിവര്‍ പെട്ടെന്ന് പുറത്തായത് വലിയ തിരിച്ചടിയായി. 17 ഓവറില്‍ 88 റണ്‍സിന് 4 വിക്കറ്റ് എന്ന പരിതാപകരമായ നിലയില്‍ നിന്നാണ് കോഹ്‌ലി ഇന്ത്യയെ കരകയറ്റാന്‍ ശ്രമിച്ചത്.
നേരത്തെ, ഇന്ത്യയുടെ ബൗളിംഗിന് മുന്നില്‍ അഞ്ച് റണ്‍സിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി പതറിയ ന്യൂസിലന്‍ഡിനെ ഡാരില്‍ മിച്ചലും (137) ഗ്ലെന്‍ ഫിലിപ്സും (106) ചേര്‍ന്നാണ് കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 219 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ട് കിവീസ് ഇന്നിംഗ്സിന്റെ നട്ടെല്ലായി മാറി. ഇന്ത്യക്കായി അര്‍ഷ്ദീപ് സിംഗും ഹര്‍ഷിത് റാണയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പരമ്പരയില്‍ ഓരോ ജയവുമായി ഒപ്പത്തിനൊപ്പമായിരുന്ന ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണ്ണായകമായിരുന്നു. ഹോം ഗ്രൗണ്ടിലെ മുന്‍തൂക്കം പ്രയോജനപ്പെടുത്താന്‍ ഇന്ത്യക്ക് കഴിയാതെ പോയതോടെ ഇന്‍ഡോറില്‍ കിവീസ് വിജയക്കൊടി പാറിച്ചു.