
രാജ്കോട്ട്: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ നിര്‍ണ്ണായകമായ രണ്ടാം മത്സരം ഇന്ന് നടക്കും. രാജ്കോട്ടിലെ നിരഞ്ജന്‍ ഷാ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30-നാണ് കളി ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം നേടിയ ടീം ഇന്ത്യ നിലവില്‍ പരമ്പരയില്‍ 1-0 ന് മുന്നിലാണ്. ഇന്ന് കൂടി വിജയിക്കാനായാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.
കഴിഞ്ഞ മത്സരത്തില്‍ 93 റണ്‍സെടുത്ത് പുറത്തായ വിരാട് കോഹ്ലിയും 26 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും മികച്ച ഫോമിലാണെന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ലക്ഷ്യമിടുന്ന ഇരുവരും പ്രായത്തെ വെല്ലുന്ന ഫോമിലാണെന്ന് കഴിഞ്ഞ പ്രകടനങ്ങള്‍ തെളിയിക്കുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ അര്‍ദ്ധ സെഞ്ചുറിയും ശ്രേയസ് അയ്യരുടെ (49) ബാറ്റിംഗും ഇന്ത്യന്‍ മുന്‍നിരയുടെ കരുത്ത് കൂട്ടുന്നു. അതേസമയം, ഏഴ് തവണ ഇന്ത്യയിലെത്തിയിട്ടും ഇതുവരെ ഏകദിന പരമ്പര നേടാനാകാത്ത ചരിത്രം തിരുത്തിക്കുറിക്കാനാണ് മൈക്കല്‍ ബ്രേസ്വെല്ലിന്റെ കീഴില്‍ ന്യൂസിലന്‍ഡ് ഇറങ്ങുന്നത്.
പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരം നിതീഷ് കുമാര്‍ റെഡ്ഡി ഇന്ന് പ്ലേയിങ് ഇലവനില്‍ ഇടം പിടിച്ചേക്കും. പകരക്കാരനായി ടീമിലെത്തിയ ആയുഷ് ബദോനി അരങ്ങേറുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഋഷഭ് പന്തിന് പകരം ടീമിലുള്ള ധ്രുവ് ജുറേലിന് ഇന്നും അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്.
സാധ്യതാ ടീം
ഇന്ത്യ: ശുഭ്മാന്‍ ഗില്‍ (സി), രോഹിത് ശര്‍മ്മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.
ന്യൂസിലന്‍ഡ്: മൈക്കല്‍ ബ്രേസ്വെല്‍ (സി), ഡെവന്‍ കോണ്‍വേ, ഹെന്റി നിക്കോള്‍സ്, വില്‍ യങ്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മിച്ചല്‍ ഹേ, സകാരി ഫൗള്‍ക്‌സ്, ക്രിസ്റ്റ്യന്‍ ക്ലാര്‍ക്ക്, കൈല്‍ ജാമിസണ്‍, ആദിത്യ അശോക്.