കത്തിക്കയറി ഇഷാന്‍, എറിഞ്ഞു വീഴ്ത്തി വരുണ്‍; ടി20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യക്ക് രണ്ടാം ജയം

Jaihind News Bureau
Friday, February 13, 2026

ടി20 ലോകകപ്പില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് 93 റണ്‍സിന്റെ ആധികാരിക വിജയം. ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയ 18.2 ഓവറില്‍ 116 റണ്‍സിന് എല്ലാവരും പുറത്തായി. വരുണ്‍ ചക്രവര്‍ത്തിയുടെ മാന്ത്രിക ബൗളിങ്ങും ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറികളുമാണ് ഇന്ത്യക്ക് കരുത്തായത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ (8 പന്തില്‍ 22) തകര്‍പ്പന്‍ തുടക്കം നല്‍കിയെങ്കിലും വേഗത്തില്‍ പുറത്തായി. എന്നാല്‍ ഇഷാന്‍ കിഷന്‍ നമീബിയന്‍ ബൗളര്‍മാരെ നിലംപരിശാക്കി. വെറും 20 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഇഷാന്‍, ജെ.ജെ സ്മിത്ത് എറിഞ്ഞ ഒരു ഓവറില്‍ മാത്രം 28 റണ്‍സാണ് അടിച്ചുകൂട്ടിയത്. 24 പന്തില്‍ 61 റണ്‍സെടുത്താണ് താരം മടങ്ങിയത്. മധ്യനിരയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (28 പന്തില്‍ 52) പോരാട്ടമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. അവസാന ഓവറുകളില്‍ നമീബിയന്‍ നായകന്‍ ഇറാസ്മസ് 4 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ പടയെ നിയന്ത്രിച്ചില്ലായിരുന്നെങ്കില്‍ സ്‌കോര്‍ ഇനിയും ഉയര്‍ന്നേനെ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ ഒരു ഘട്ടത്തില്‍ 7 ഓവറില്‍ 67 റണ്‍സുമായി ഭേദപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ പന്തെടുത്ത വരുണ്‍ ചക്രവര്‍ത്തി കളി മാറ്റിവരച്ചു. അപകടകാരിയായ സ്റ്റീന്‍കാംപിനെ (29) പുറത്താക്കി വരുണ്‍ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. തന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തിലും നാലാം പന്തിലും വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ നമീബിയയെ തകര്‍ത്തു. 2 ഓവറില്‍ വെറും 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകളാണ് വരുണ്‍ നേടിയത്.

ഹാര്‍ദിക് പാണ്ഡ്യയും അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച പിന്തുണ നല്‍കി. ബാറ്റിങ്ങില്‍ തിളങ്ങിയ ഹാര്‍ദിക് ബൗളിങ്ങിലും (4 ഓവറില്‍ 21 റണ്‍സ്, 2 വിക്കറ്റ്) മികവ് കാട്ടി. നമീബിയന്‍ നിരയില്‍ ക്യാപ്റ്റന്‍ ഇറാസ്മസ് (18), സ്റ്റീന്‍കാംപ് (29) എന്നിവര്‍ക്ക് മാത്രമാണ് അല്പമെങ്കിലും പൊരുതാനായത്.