
മുംബൈ: ടി20 ലോകകപ്പിന്റെ ആവേശകരമായ രണ്ടാം സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 7 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. വാംഖഡെ സ്റ്റേഡിയത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗും (89), അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ പുലര്‍ത്തിയ നിയന്ത്രണവുമാണ് ഇന്ത്യക്ക് നാലാം തവണയും ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ഉറപ്പാക്കിയത്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്തത് 253 റണ്‍സാണ്. ടി20 ലോകകപ്പ് ചരിത്രത്തില്‍ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജു സാംസണാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന്റെ നട്ടെല്ല്. 7 പന്തില്‍ 21 റണ്‍സെടുത്ത തിലക് വര്‍മ്മയും 25 പന്തില്‍ 43 റണ്‍സെടുത്ത ശിവം ദുബെയും പവര്‍ ഹിറ്റിംഗിലൂടെ സ്‌കോര്‍ ഉയര്‍ത്തി. ഇഷാന്‍ കിഷന്‍ (39), ഹാര്‍ദിക് പാണ്ഡ്യ (27) എന്നിവരും നിര്‍ണ്ണായക സംഭാവന നല്‍കി. ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചറെ നിലംതൊടാതെ പറത്തിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആര്‍ച്ചറുടെ 4 ഓവറില്‍ 61 റണ്‍സാണ് അടിച്ചെടുത്തത്.
254 റണ്‍സെന്ന ഹിമാലയന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ ഇന്ത്യയെ തോല്‍വി ഭീഷണിയിലാഴ്ത്തിയിരുന്നു. നാലാമനായി ഇറങ്ങി 48 പന്തില്‍ 105 റണ്‍സ് അടിച്ചുകൂട്ടിയ ജേക്കബ് ബെഥേലിന്റെ പ്രകടനം ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പേറ്റി. വില്‍ ജാക്‌സുമൊത്ത് (35) അഞ്ചാം വിക്കറ്റില്‍ വെറും 39 പന്തില്‍ 77 റണ്‍സാണ് ബെഥേല്‍ കൂട്ടിച്ചേര്‍ത്തത്. വരുണ്‍ ചക്രവര്‍ത്തിയും അക്‌സര്‍ പട്ടേലുമടക്കമുള്ള സ്പിന്നര്‍മാരെ ബെഥേല്‍ കടന്നാക്രമിച്ചു.
അവസാന മൂന്നോവറില്‍ ജയിക്കാന്‍ 45 റണ്‍സ് വേണമെന്നിരിക്കെ പതിനെട്ടാം ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുമ്ര ആറ് റണ്‍സ് മാത്രം വിട്ടുകൊടുത്ത് കളി തിരിച്ചുപിടിച്ചു. പത്തൊമ്പതാം ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഹാര്‍ദിക് പാണ്ഡ്യ സാം കറനെ പുറത്താക്കി. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 30 റണ്‍സ് വേണ്ടിയിരുന്നു. ശിവം ദുബെ എറിഞ്ഞ ഇരുപതാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ബെഥേല്‍ റണ്ണൗട്ടായതോടെ ഇന്ത്യ വിജയമുറപ്പിച്ചു. ഹാര്‍ദിക് പാണ്ഡ്യയുടെ കൃത്യതയാര്‍ന്ന ത്രോയില്‍ സഞ്ജു സാംസണ്‍ ബെഥേലിനെ പുറത്താക്കുകയായിരുന്നു. അവസാന മൂന്ന് പന്തില്‍ ദുബെ സിക്‌സറുകള്‍ വഴങ്ങിയെങ്കിലും ഇന്ത്യ 7 റണ്‍സിന്റെ ആവേശകരമായ ജയം സ്വന്തമാക്കി.