
ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ വ്യാപാര കരാറിനെച്ചൊല്ലി പാര്‍ലമെന്റില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങി പ്രതിപക്ഷം. ട്രംപിന്റെ സമ്മര്‍ദ്ദത്തിന് കേന്ദ്ര സര്‍ക്കാര്‍ കീഴടങ്ങിയോ എന്ന ചോദ്യമുയര്‍ത്തി ഇരുസഭകളിലും നോട്ടീസ് നല്‍കാനാണ് പ്രതിപക്ഷ നീക്കം. ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങി റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ നിര്‍ത്തിയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ പാര്‍ലമെന്റില്‍ വിശദീകരണം നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രതിപക്ഷ നേതാക്കള്‍.
അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി രാജ്യം അതിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്തുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ ആഴ്ച മുന്‍ കരസേനാ മേധാവി ജനറല്‍ എം.എം. നരവനെയുടെ പുസ്തകത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് അഞ്ച് ദിവസവും ലോക്‌സഭ സ്തംഭിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് വ്യാപാര കരാര്‍ കൂടി എത്തുന്നതോടെ സഭ വീണ്ടും പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഇന്ന് ബജറ്റ് ചര്‍ച്ച തുടങ്ങാനിരിക്കെ, സഭാ നടപടികളുമായി സഹകരിക്കണമോ എന്ന കാര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍ ഭിന്നത നിലനില്‍ക്കുന്നുണ്ട്. ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, പ്രതിഷേധം ശക്തമാക്കണമെന്നാണ് മറ്റു ചിലരുടെ നിലപാട്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്ന് രാവിലെ യോഗം ചേരും.
അതേസമയം, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യന്‍ പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും ഭാരത് പെട്രോളിയവും ഒപ്പം സ്വകാര്യ മേഖലയിലെ റിലയന്‍സും നിര്‍ത്തിയെന്ന റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഏപ്രില്‍ മാസം മുതല്‍ പുതിയ കരാറുകള്‍ നല്‍കേണ്ടതില്ലെന്നാണ് കമ്പനികളുടെ തീരുമാനമെന്നാണ് സൂചന. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ചു എന്ന് ട്രംപ് നേരത്തെ ഒരു ഉത്തരവില്‍ രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനികളുടെ പിന്‍മാറ്റ വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്നാല്‍ ഈ വ്യാപാര കരാര്‍ ഇന്ത്യയുടെ കരുത്തിന്റെ തെളിവാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയില്‍ വിശേഷിപ്പിച്ചത്. സര്‍ക്കാരിന്റെ ഈ അവകാശവാദത്തെ റഷ്യന്‍ എണ്ണ ഇറക്കുമതിയിലെ നിയന്ത്രണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.