TRUMP| ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ അന്തിമമായിട്ടില്ല; 25% വരെ താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

Jaihind News Bureau
Wednesday, July 30, 2025

ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ ഇനിയും അന്തിമമായിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആവശ്യമെങ്കില്‍ ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം വരെ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. യുഎസ് വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീന്‍ ഇന്ത്യയുമായി കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന.

ഓഗസ്റ്റ് 1 മുതല്‍ ചില രാജ്യങ്ങള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ, ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 20-25% വരെ താരിഫ് ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘അങ്ങനെയാകാന്‍ സാധ്യതയുണ്ട്’ എന്ന് ട്രംപ് മറുപടി നല്‍കി. ‘ഇന്ത്യ നല്ലൊരു സുഹൃത്താണ്, പക്ഷെ മറ്റ് രാജ്യങ്ങളെക്കാള്‍ കൂടുതല്‍ താരിഫ് ഇന്ത്യ ഈടാക്കുന്നു. അത് അംഗീകരിക്കാനാവില്ല,’ ട്രംപ് പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഇന്ത്യയും യുഎസും തമ്മില്‍ ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അഞ്ചാം ഘട്ട ചര്‍ച്ചകള്‍ കഴിഞ്ഞ ആഴ്ച വാഷിംഗ്ടണില്‍ അവസാനിച്ചിരുന്നു. ഓഗസ്റ്റ് പകുതിയോടെ യുഎസ് സംഘം കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്നും വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചിരുന്നു. ഈ വര്‍ഷം സെപ്റ്റംബറോടെയോ ഒക്ടോബറോടെയോ കരാറിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. നിലവില്‍ 191 ബില്യണ്‍ ഡോളറാണ് ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം, ഇത് 500 ബില്യണ്‍ ഡോളറായി ഉയര്‍ത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്.

എന്നാല്‍, കാര്‍ഷിക, ക്ഷീര ഉല്‍പ്പന്നങ്ങള്‍ പോലുള്ള ചില മേഖലകളില്‍ തീരുവ ഇളവുകള്‍ നല്‍കുന്നതില്‍ ഇന്ത്യ ശ്രദ്ധാലുവാണ്. ഈ മേഖലകളില്‍ തീരുവ കുറയ്ക്കുന്നത് ആഭ്യന്തര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഇന്ത്യക്കുണ്ട്. അതേസമയം, ഇലക്ട്രിക് വാഹനങ്ങള്‍, വൈനുകള്‍, പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ജനിതക മാറ്റം വരുത്തിയ കാര്‍ഷികോല്‍പ്പന്നങ്ങള്‍ എന്നിവയില്‍ തീരുവ ഇളവുകള്‍ നല്‍കണമെന്നാണ് യുഎസിന്റെ ആവശ്യം.