India UK Free Trade Agreement | ഇന്ത്യയും യുകെയും സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ചു; ഇന്ത്യയുടെ ഒട്ടുമിക്ക ഉത്പന്നങ്ങള്‍ക്കും തീരുവ ഒഴിവാക്കിയത് നേട്ടം

Jaihind News Bureau
Thursday, July 24, 2025

ലണ്ടന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധം കൂടുതല്‍ ഉറപ്പിച്ച് സ്വതന്ത്ര വ്യാപാര കരാര്‍ (FTA) ഔദ്യോഗികമായി ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മറിന്റെയും സാന്നിധ്യത്തില്‍ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും യുകെയുടെ ബിസിനസ് ആന്‍ഡ് ട്രേഡ് സെക്രട്ടറി ജൊനാഥന്‍ റെയ്‌നോള്‍ഡ്സുമാണ് കരാര്‍ രേഖകള്‍ കൈമാറിയത്. ഈ കരാര്‍ പ്രകാരം ഉഭയകക്ഷി വ്യാപാരം പ്രതിവര്‍ഷം 34 ബില്യണ്‍ ഡോളര്‍ വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുകെയിലെത്തിയ പ്രധാനമന്ത്രി മോദി, ഈ കരാര്‍ ഇന്ത്യയുടെയും യുകെയുടെയും സമൃദ്ധിയുടെ സംയുക്ത രൂപരേഖയാണെന്ന് വിശേഷിപ്പിച്ചു. ‘നമ്മുടെ ബന്ധങ്ങളില്‍ ഇതൊരു ചരിത്ര ദിനമാണ്. നിരവധി വര്‍ഷത്തെ കഠിനാധ്വാനത്തിന് ശേഷം, ഇന്ന് നമ്മുടെ രണ്ട് രാജ്യങ്ങളും സമഗ്രമായ സാമ്പത്തിക, വ്യാപാര കരാറില്‍ ഒപ്പുവെച്ചതില്‍ എനിക്ക് സന്തോഷമുണ്ട്,’ പ്രധാനമന്ത്രി മോദി പറഞ്ഞു. ലണ്ടന് 50 കിലോമീറ്റര്‍ അകലെയുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ചെക്കേഴ്സില്‍ വെച്ചാണ് കരാര്‍ ഒപ്പുവെച്ചത്.

പത്ത് വര്‍ഷത്തിനിടെ ഒരു വികസിത രാജ്യവുമായി ഇന്ത്യ ഒപ്പുവെക്കുന്ന ആദ്യത്തെ പ്രധാന ഉഭയകക്ഷി വ്യാപാര കരാറാണിത്. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് 2020-ല്‍ പുറത്തുപോയതിന് ശേഷം യുകെ ഒപ്പുവെക്കുന്ന ഏറ്റവും വലിയ കരാറുകളിലൊന്നുമാണിത്. ഈ കരാര്‍ പ്രകാരം, 2030-ഓടെ ഉഭയകക്ഷി വ്യാപാരം 120 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കുകയാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്.

ഇന്ത്യക്ക് ലഭിക്കുന്ന നേട്ടങ്ങള്‍

കയറ്റുമതിക്ക് വന്‍ കുതിപ്പ്: ഇന്ത്യന്‍ ഉത്പന്നങ്ങളില്‍ 99 ശതമാനത്തിനും യുകെ വിപണിയില്‍ ഡ്യൂട്ടി രഹിത പ്രവേശനം ലഭിക്കും. ഇത് ഇന്ത്യയില്‍ നിന്നുള്ള തുണിത്തരങ്ങള്‍, തുകല്‍ ഉത്പന്നങ്ങള്‍, പാദരക്ഷകള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, എഞ്ചിനീയറിംഗ് ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്ക് വലിയ പ്രോത്സാഹനമാകും.

കാര്‍ഷിക മേഖലയ്ക്ക് പുതിയ അവസരങ്ങള്‍: ഇന്ത്യയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും സംസ്‌കരിച്ച ഭക്ഷ്യ വ്യവസായത്തിനും യുകെ വിപണിയില്‍ പുതിയ അവസരങ്ങള്‍ തുറന്നുകിട്ടും.

ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് പ്രയോജനം: കരാര്‍ ഇന്ത്യന്‍ യുവാക്കള്‍ക്കും കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും എംഎസ്എംഇ (MSME) മേഖലയ്ക്കും പ്രത്യേകിച്ചും ഗുണകരമാകുമെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി.

സാമൂഹിക സുരക്ഷാ കരാര്‍: ഇന്ത്യന്‍ കമ്പനികള്‍ക്ക് ജീവനക്കാരെ യുകെയിലേക്ക് അയക്കുമ്പോള്‍ ഇരട്ട സാമൂഹിക സുരക്ഷാ വിഹിതം നല്‍കേണ്ടതില്ല. ഇത് കമ്പനികളുടെ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.

യുകെയ്ക്കുള്ള പ്രയോജനങ്ങള്‍

ഇറക്കുമതി തീരുവ കുറയും: കാറുകള്‍, വിസ്‌കി തുടങ്ങിയ ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ഇറക്കുമതി തീരുവ കുറയും. നിലവില്‍ 100 ശതമാനത്തിന് മുകളിലുള്ള കാറുകളുടെ തീരുവ 10 ശതമാനമായി കുറയും. വിസ്‌കിയുടെ തീരുവ 150 ശതമാനത്തില്‍ നിന്ന് ഘട്ടം ഘട്ടമായി 40 ശതമാനമായി കുറയും.

തൊഴിലവസരങ്ങള്‍ വര്‍ധിക്കും: കരാര്‍ ബ്രിട്ടനില്‍ ആയിരക്കണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.ധ3പ

മത്സരാധിഷ്ഠിത വില: മെഡിക്കല്‍ ഉപകരണങ്ങള്‍, എയ്റോസ്പേസ് ഭാഗങ്ങള്‍ തുടങ്ങിയ യുകെ നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും കുറഞ്ഞതും മത്സരാധിഷ്ഠിതവുമായ വിലയില്‍ ലഭ്യമാകും.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെട്ടുവരികയാണ്. 2024-25 കാലയളവില്‍ ഇന്ത്യയുടെ യുകെയിലേക്കുള്ള കയറ്റുമതി 14.5 ബില്യണ്‍ ഡോളറായും ഇറക്കുമതി 8.6 ബില്യണ്‍ ഡോളറായും ഉയര്‍ന്നിരുന്നു. പുതിയ കരാര്‍ ഈ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്ന് ഉറപ്പാണ്.